കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ ഭക്തിനിർഭരമായി
1451846
Monday, September 9, 2024 5:34 AM IST
കുടവെച്ചൂർ: മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ ഭക്തിനിർഭരമായി. ഇന്നലെ രാവിലെ അഞ്ചു മുതൽ ഒന്പതുവരെ തുടർച്ചയായി നടന്ന വിശുദ്ധ കുർബാനയിലും 10ന് നടന്ന തിരുനാൾ കുർബാനയിലും വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരുനാൾ കുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ജോസ്ലെറ്റ് ആറ്റുചാലിൽ, ഫാ. ജയ്മോൻ തെക്കേകുമ്പളത്ത് എന്നിവർ സഹകാർമികരായി. ഇന്നലെ ഉച്ച കഴിഞ്ഞു നടന്ന വർണാഭമായ തിരുനാൾ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണിചേർന്നു. മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് ചാരുത പകർന്നു.
വെച്ചൂർ മുത്തിയുടെ അനുഗ്രഹാശിസുകൾ തേടി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിൽ വെറ്റിലയും അരിയും എറിഞ്ഞു വിശ്വാസികൾ പ്രാർഥനാനിരതരായി. വികാരി ഫാ. പോൾ ആത്തപ്പിള്ളി, കൈക്കാരന്മാരായ വക്കച്ചൻ മണ്ണത്താലി, ജിജി മൂപ്പശേരി, പ്രസുദേന്തി ദേവസ്യ മുരിക്കുംതറ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, ജനറൽ സെക്രട്ടറി ബിജു മിത്രംപള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നു മരിച്ചവരുടെ ഓർമദിനം. രാവിലെ ആറിന് വിശുദ്ധ കുർബാന, സെമിത്തേരി വെഞ്ചരിപ്പ്. 15ന് എട്ടാമിടം തിരുനാളോടെ തിരുനാൾ ആഘോഷങ്ങൾക്കു സമാപനമാകും.