"തിരികെ സ്കൂളിലേക്ക്' പദ്ധതിക്കു തുടക്കം
1339797
Sunday, October 1, 2023 11:41 PM IST
കോട്ടയം: ആധുനിക വിവര സാങ്കേതിക വിദ്യയുടെ കാലത്തിനനുസരിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ എല്ലാ നിലയിലും മാറ്റം വരുത്താന്‍ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് പദ്ധതി സഹായിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്. കുടുംബശ്രീ മിഷന്റെ അയല്‍ക്കൂട്ട കാമ്പയിന് തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുടമാളൂര്‍ ഗവ. എല്‍പി സ്കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സൗമ്യമോള്‍ മുക്കോലക്കല്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സി. നവീന്‍, കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, പ്രധാനാധ്യാപിക രജനി, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ രത്നകുമാരി എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ശാക്തീകരണ കാമ്പയിന്റെ ഭാഗമായാണ് ജില്ലയിലെ 16,546 അയല്‍ക്കൂട്ടത്തിലെ 2,63,009 വനിതകള്‍ സ്കൂളിലേക്ക് വീണ്ടും എത്തിയത്.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയിലായിരുന്നു പരിശീലനം. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വിവിധ സ്കൂളുകളിലെ അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്കൂളിലെ ഒരു ദിവസം എങ്ങനെയാണോ അതുപോലെ അഞ്ച് പീരീയഡ് ആയി പഠന വിഷയങ്ങള്‍ തയാറാക്കിയിരിക്കുന്നു.
500 ഓളം ക്ലാസ് മുറികളായിരുന്നു ജില്ലയില്‍ സജ്ജമാക്കിയത്. ഒരു ക്ലാസ് മുറിയില്‍ 50 മുതല്‍ 60 വരെ പഠിതാക്കളുണ്ടാവും.
അവധി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് പഠനം. രാവിലത്തെ അസംബ്ലിയില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിച്ചതിനു ശേഷമായിരുന്നു ക്ലാസ് ആരംഭിച്ചത്.