അഞ്ചു മാസം; 500 ഡയാലിസിസുമായി ഉഴവൂർ കെ.ആർ. നാരായണൻ ആശുപത്രി
1339738
Sunday, October 1, 2023 10:20 PM IST
ഉഴവൂർ: അഞ്ച് മാസത്തിനുള്ളിൽ 500 ഡയാലിസുകൾ നടത്തി ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷാലിറ്റി ആശുപത്രി. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഡയാലിസിസ് യൂണിറ്റ് നാട്ടിലെ സാധാരണക്കാർക്ക് ഏറെ നേട്ടമാകുന്നവെന്നതിന്റെ തെളിവാണിത്. ഡയാലിസ് സൗകര്യം നാടിന് പ്രയോജനപ്പെടുത്താൻ സേവനം നൽകിയ ഡോക്ടർമാരേയും ആരോഗ്യവകുപ്പ് ജീവനക്കാരേയും ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
1.40 കോടി രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഡയാലിസിസ് യൂണിറ്റ് യാഥാർഥ്യമാക്കിയത്. നെഫ്രോളജിസ്റ്റ് ഡോ. നയന വിജയിയുടെ നേതൃത്വത്തിൽ മൂന്നു ടെക്നീഷൻമാരും രണ്ട് നഴ്സുമാരുമടങ്ങുന്ന ടീമാണ് ഡയാലിസിസിന് നേതൃത്വം നൽകുന്നത്. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി.ആർ. രാജേഷ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഒരുദിവസം 16 പേർക്കുവരെ ഡയാലിസിസ് സൗകര്യം നൽകാൻ ഇപ്പോൾ ആശുപത്രിക്ക് കഴിയുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണനയും നൽകുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി 40 ലക്ഷം രൂപയാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനത്തിനായി വിനിയോഗിച്ചത്. ഈ സാമ്പത്തിക വർഷം ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ടെക്നീഷന്മാർക്ക് വേതനം നൽകുന്നതിനും അനുബന്ധ ചിലവുകൾക്കുമായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നെഫ്രോളജിസ്റ്റ് ഡോ. നയന വിജയിയെയും ടീമംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമചന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി ആദരിച്ചു.