തരിശുഭൂമി എന്ന പേരിൽ കൃഷി; നെല്ല് കൊയ്യാതെ തട്ടിപ്പ്
1497386
Wednesday, January 22, 2025 6:33 AM IST
അമ്പലപ്പുഴ: തരിശുകിടന്ന ഭൂമി എന്ന പേരില്‍ കൃഷിയാരംഭിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും നെല്ല് കൊയ്തെടുക്കാതെ തട്ടിപ്പുനടത്തിയതായി ആരോപണം. സര്‍ക്കാരില്‍നിന്ന് പണം തട്ടിയെടുത്തത് ഭരണകക്ഷി സംഘങ്ങളും.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കരുമാടിയിലാണ് കൊയ്ത്ത് നടക്കാത്തതിനെത്തുടര്‍ന്ന് ഏക്കറുകണക്കിന് നെല്ല് കരിഞ്ഞുണങ്ങിയത്. പത്തര ഏക്കറുള്ള തെക്കേ മേലത്തും കരി പാടശേഖരത്ത് ഏതാനും മാസം മുന്‍പ് കൃഷിയുടെ ഉദ്ഘാടനം നടത്തിയത് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറായിരുന്നു. തരിശുകിടന്ന ഭൂമി കൃഷിയോഗ്യമാക്കാനെന്ന പേരിലാണ് കൃഷിയാരംഭിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ കൃഷി ചെയ്യാതെ കിടന്നാല്‍ മാത്രമേ തരിശ് ഭൂമിയാകുന്നുള്ളു. എന്നാല്‍, ഒരു തവണ മാത്രമാണ് ഇവിടെ കൃഷി ചെയ്യാതെ കിടന്നത്. തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നു എന്ന പേരില്‍ ആഘോഷപൂര്‍വമാണ് ഉദ്ഘാടനം നടത്തിയത്.
പുറക്കാടുള്ള രണ്ടുപേരും കരുമാടി സ്വദേശിയായ ഒരാളും ചേര്‍ന്ന് പാട്ടത്തിനാണ് കൃഷിയാരംഭിച്ചത്. വിത്ത് കൃഷി ഭവനില്‍നിന്ന് സൗജന്യമായും ലഭിച്ചു. ഇതു കൂടാതെ പാട്ടത്തിന്റെ പേരില്‍ ഏക്കറിന് പതിനായിരം രൂപ വീതവും നല്കി. ഡിസംബര്‍ 31ന് നെല്ല് കൊയ്യുമെന്നായിരുന്നു പാട്ട കൃഷിക്കാര്‍ കൃഷി ഭവനില്‍ അറിയിച്ചത്. എന്നാല്‍, ജനുവരി പകുതി കഴിഞ്ഞിട്ടും ഇവിടെ കൊയ്ത്തു നടന്നില്ല.
യന്ത്രം കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണ് കൊയ്ത്ത് നീണ്ടുപോകുന്നത്.ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ നെല്ല് പാടശേഖരത്ത് കരിഞ്ഞുണങ്ങിക്കിടക്കുകയാണ്. ഇനി തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുത്താല്പ്പോലും നെല്ല് ഉപയോഗിക്കാന്‍ കഴിയാത്ത വിധം കരിഞ്ഞു.
തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിനായി സര്‍ക്കാര്‍ നല്കുന്ന ലക്ഷക്കണക്കിന് രൂപയുടെ സഹായം തട്ടിയെടുക്കാനായാണ് ഇത്തരത്തില്‍ പാട്ടക്കരാര്‍ ഏറ്റെടുക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പാടശേഖര സമിതിയെ നോക്കുകുത്തിയാക്കി ഭരണ കക്ഷിയില്‍പ്പെട്ട ചിലരാണ് ഈ പേരില്‍ കൃഷി നടത്തിയത്. എന്നാല്‍ കൊയ്തെടുക്കാതെ വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നെല്ലാണ് വെറുതെ കിടന്ന് നശിച്ചു പോകുന്നത്.