ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് വജ്രജൂബിലി നിറവിൽ; ആഘോഷങ്ങൾക്ക് ഇന്നു തിരിതെളിയും
1496947
Tuesday, January 21, 2025 12:01 AM IST
ചെങ്ങന്നൂര്‍: ആയിരങ്ങള്‍ക്ക് അറിവിന്റെ വാതായനം തുറന്നു നല്കി ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു തിരിതെളിയും. രാവിലെ പത്തിന് ക്രിസ്ത്യന്‍ കോളജ് അങ്കണത്തില്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഗവൺമെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തും. കോളജിന്റെ പുതുക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം മാത്യു. ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. തുടര്‍ന്ന് ഡയമണ്ട് ജൂബിലി കള്‍ച്ചറല്‍ ഫെസ്റ്റ് ഉദ്ഘാടനം, സിസിസി മ്യൂസിക് ബാന്റിന്റെ അവതരണത്തോടെ തുടക്കം കുറിക്കും.
ജൂബിലി സമ്മേളനത്തിനു മുന്നോടിയായി ഇക്കഴിഞ്ഞ 10ന് ആയിരത്തില്‍പരം വിദ്യാര്‍ഥികളും അധ്യാപക, അനധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും രാഷ്ട്രീയ സാമൂഹിക മേഖലയില്‍നിന്നുള്ള വ്യക്തിത്വങ്ങളും പങ്കെടുത്ത വിളംബരറാലി സംഘടിപ്പിച്ചിരുന്നു. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മള്‍ട്ടി ഡിസിപ്ലിനറി കോണ്‍ക്ലേവ്, അഖിലകേരള ക്വിസ് മത്സരം, ഗ്ലോബല്‍ അലൂമ്നി മീറ്റ്. കള്‍ച്ചറല്‍ ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും.
വജ്രജൂബിലി സ്മാരക റിസര്‍ച്ച് ബ്ലോക്ക്, നവീകരിച്ച കാന്റീന്, ഓഡിറ്റോറിയത്തിന്റെ പുനരുദ്ധാരണം എന്നിവ ജൂബിലി വര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കും. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളജിന്റെ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഭവനനിര്‍മാണവും ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് പ്രിന്‍സിപ്പല്‍ ഡോ. എ. ഏബ്രഹാം പറഞ്ഞു.