വേദനയിൽ ആര്യഭാരതി കുടുംബം; സഹപാഠികൾക്ക് ഇന്നു വിടചൊല്ലും
1496945
Tuesday, January 21, 2025 12:01 AM IST
ഓമല്ലൂർ: ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ കുരുന്നുകൾക്ക് ഇന്നു മാതൃവിദ്യാലയത്തിന്റെയും നാടിന്റെയും അന്ത്യാഞ്ജലി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഓമല്ലൂർ മുള്ളനിക്കാട് വലിയകോയിക്കൽ കടവിൽ മുങ്ങിമരിച്ച ഓമല്ലൂർ ആര്യഭാരതി സ്കൂൾ പത്താംക്ലാസ് വിദ്യാർഥികളായ ഏബൽ ബി. തോമസിന്റെയും ഇ.എസ്. ശ്രീശരണിന്റെയും മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും.
പത്താംക്ലാസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്ന ഒരു ക്ലാസിലെ രണ്ടു കുട്ടികളെ നഷ്ടപ്പെട്ടത് ആര്യഭാരതിയിലെ അധ്യാപകരെയും സഹപാഠികളെയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. ഇന്നലെ സ്കൂളിന് അവധി നൽകി.
പോസ്റ്റ്മോർട്ടത്തിനുശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഒന്പതിന് ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ പൊതുദർശനത്തിനായി എത്തിക്കുമെന്ന് പ്രഥമാധ്യാപകൻ ലിജു ജോർജ് പറഞ്ഞു.
തുടർന്ന് വീടുകളിലെത്തിച്ച് 12ന് ഇ.എസ്. ശ്രീശരണിന്റേത് വീട്ടുവളപ്പിലും ഏബലിന്റേത് രണ്ടിന് ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനു പള്ളിയിലും സംസ്കരിക്കും.
സഹപാഠികളായ ശ്രീശരണും ഏബലും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. അഞ്ചുപേർ ചേർന്നാണ് കുളിക്കാനായി കടവിലെത്തിയത്. നാലു പേർ കുളിക്കാനിറങ്ങിയപ്പോൾ ഒരാൾ കരയിൽ ഇരിക്കുകയായിരുന്നു.
വെള്ളത്തിലേക്ക് ഇറങ്ങുന്നതിനിടെ ഏബലിനു കാൽവഴുതി. അച്ചൻകോവിലാറ്റിലെ ആഴമുള്ള കയത്തിലേക്ക് കൂട്ടുകാരൻ അകപ്പെടുന്പോൾ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ശ്രീശരണും കാൽവഴുതി വീണതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
മുട്ടത്തുകോണം പനയ്ക്കൽ എരുത്തിപ്പാട്ട് എ.കെ. സുഭാഷ്- സ്മിത ദന്പതികളുടെ മകനാണ് ശ്രീശരൺ. സഹോദരി: ശരണ്യ.
ഓമല്ലൂർ ചീക്കനാൽ ചാക്കാംപുറത്ത് ബിനോയ് തോമസ് - വിജി ദന്പതികളുടെ മകനാണ് ഏബൽ ബി. തോമസ്. സഹോദരൻ: ഏലിയാസ് ബി. തോമസ്.