നിലംനികത്തല്‍; സ്റ്റോപ്പ് മെമ്മോനല്‍കി
1496943
Tuesday, January 21, 2025 12:01 AM IST
ഹരിപ്പാട്: വീയപുരം വില്ലേജ് പരിധിയില്‍ നിലംനികത്തല്‍ നടക്കുന്നെന്ന പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ഉഷാകുമാരിയുടെ നേതൃത്വത്തില്‍ സ്ഥല ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോനല്‍കി. വീയപുരം-മാന്നാര്‍ റോഡില്‍ മാടന്‍കുന്ന് ക്ഷേത്രത്തിനുസമീപത്തെ നിലംനികത്തലാണ് തടഞ്ഞത്. നികത്തല്‍ നിര്‍ത്തിവയ് ക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കുകയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം കേസെടുത്ത് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.
ഇതുള്‍പ്പെടെ കഴിഞ്ഞവര്‍ഷം അഞ്ചും ഈ വര്‍ഷാരംഭത്തില്‍ ഒന്നും കേസുകളാണ് വീയപുരത്തുനിന്നു കാര്‍ത്തികപ്പള്ളി തഹില്ദാര്ക്ക് റിപ്പോര്‍ട്ട് ചെയ്തത്. ആറു കേസുകളാണ് വീയപുരം വില്ലേജ് പരിധിയില്‍ നിലം നികത്തലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്കായി അയച്ചിട്ടുള്ളത്. വീയപുരത്തുനിന്നു മാന്നാറിനുള്ള റോഡരികിലാണ് പത്തു സെന്റോളം നിലം നികത്തി യത്.അവധി ദിവസങ്ങളില്‍ ടിപ്പര്‍ ലോറികളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ഗ്രാവലെത്തിച്ചായിരുന്നു നികത്തല്‍.
നികത്തല്‍ ശ്രദ്ധയില്‍പ്പെട്ട വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നികത്തല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി.
എന്നാല്‍, നോട്ടീസ് അവഗണിച്ച് വീണ്ടും നികത്തല്‍ തുടര്‍ന്നു. തുടര്‍ന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം കേസെടുക്കുകയായിരുന്നു. നിലം നികത്തലിനു കേസെടുക്കുന്ന സ്ഥലങ്ങളില്‍ തുടര്‍നടപടികള്‍ വൈകുന്നതാണ് നികത്തലുകാര്‍ക്ക് സഹായകമാകുന്നത്. നിലം പൂര്‍വസ്ഥിതിയിലാക്കുന്നതിന് കളക്ടര്‍ ഉത്തരവിട്ടാലും നിലമുടമ അപ്പീലുമായി പോകുകയും തെളിവെടുപ്പും മറ്റുമായി നടപടികള്‍ നീണ്ടുപോകുകയുമാണ് പതിവ്. ഈ സമയത്ത് ബാക്കിസ്ഥലംകൂടി നികത്തിയെടുക്കും.
പായിപ്പാട്, വെള്ളംകുളങ്ങര, കാരിച്ചാല്‍, വീയപുരം കിഴക്ക്, പ്രയാറ്റേരി, വെങ്കിട്ടച്ചിറ എന്നിവിടങ്ങളില്‍ ഇതിന് മുമ്പ് നിലം നികത്തല്‍ നടന്നിരുന്നു. ഇവിടെയും നോട്ടീസ് നല്കി റവന്യു വകുപ്പ് മടങ്ങുകയായിരുന്നു. തെങ്ങും ചിറയുമായി കിടക്കുന്ന സ്ഥലങ്ങള്‍ കുറഞ്ഞവിലയ്ക്കുവാങ്ങി നികത്തിയെടുക്കുന്ന സംഘങ്ങള്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ സജീവമാണ്. നികത്തിയശേഷം കൂടിയവിലയ്ക്ക് വില്‍ക്കും.
നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിടുന്ന കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കിയാല്‍ നിലംനികത്തല്‍ കുറെയെങ്കിലും തടയാനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.