താരരാജാവിനൊപ്പം താരമായി പൊന്നമ്മച്ചേച്ചിയും
1497385
Wednesday, January 22, 2025 6:33 AM IST
ചെങ്ങന്നൂര്‍: സരസ് മേളയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാന് നടന് മോഹന്‍ലാലിനെ പൂച്ചെണ്ടു നല്കി സ്വീകരിക്കാന്‍ ക്ഷണിച്ചത് ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മ സേനാംഗം പൊന്നമ്മച്ചേച്ചിയെ. പൂച്ചെണ്ട് സ്വീകരിച്ച് ലാല്‍ പൊന്നമ്മച്ചേച്ചിയെ ചേര്‍ത്തുനിര്‍ത്തിയതോടെ കരഘോഷങ്ങള്‍ ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു.
കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യങ്ങളെന്നും വേദിയില്‍ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പ്രവൃത്തിപഥത്തില്‍ എത്തിക്കണമെന്നും ലാല്‍ പറഞ്ഞു.
ഗൃഹനാഥകളെ ശക്തീകരിക്കുന്നതിലൂടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്കു മാറുമെന്ന് തെളിയിക്കുകയാണ് കുടുംബശ്രീ. മഹാനഗരങ്ങളില്‍ നടക്കുന്ന മേള ചെങ്ങന്നൂര്‍ പോലെയുള്ള സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ചെങ്ങന്നൂര്‍ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂര്‍ പുരസ്കാരം നടന് മോഹന്‍ലാലിന് ഫിഷറീസ് -സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന് സമ്മാനിച്ചു. ചടങ്ങില്‍ കൃഷിവകുപ്പു മന്ത്രി പി. പ്രസാദ് മോഹന്‍ലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.