അര്‍ത്തുങ്കലില്‍ മകരം തിരുനാള്‍ ആഘോഷിച്ച് ജനലക്ഷങ്ങള്‍
1496940
Tuesday, January 21, 2025 12:01 AM IST
ചേര്‍ത്തല: ഭക്തസഹസ്രങ്ങള്‍ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അത്ഭുത തിരുസ്വരൂപം ദര്‍ശിച്ച് സായൂജ്യരായി. ഇന്നലെ നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ജാതിമതങ്ങള്‍ക്ക് അതീതമായി പതിനായിരങ്ങള്‍ സംഗമിച്ച ആഘോഷം കടലോര ഗ്രാമത്തില്‍ ജനസാഗരമാണ് സൃഷ്ടിച്ചത്. സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 18 ദിവസം നീളുന്ന തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്നലെ രാവിലെ മുതല്‍ വിശ്വാസിസമൂഹം ഒഴുകിയെത്തി.
രാവിലെ 5.30 മുതല്‍ ദിവ്യബലി ആരംഭിച്ചു. ഒമ്പതിനു നടന്ന ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറാൾ മോണ്‍.ജോയി പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന തിരുനാള്‍ ദിവ്യബലിക്ക് കണ്ണൂര്‍ രൂപത വികാരി ജനറാ ൾ ഡോ. ക്ലാരന്‍സ് പാലിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം വെളുത്തച്ചന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. സെബാസ്റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേ രില്‍ എന്നിവർ കാര്‍മികത്വം വഹിച്ചു.
തേരിന് ആകൃതിയിലുള്ള രൂപക്കൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയില്‍നിന്ന് പുറത്തേക്കെടുത്തത് ആചാരവെടികള്‍ മുഴക്കിയാണ്.
കടൽ തീരത്തുള്ള ബീച്ച് കുരിശടിവരെ നീളുന്ന പ്രദക്ഷിണം, തികച്ചും വിശ്വാസികളുടെ പ്രാർഥന നിറവിന്റെ നിമിഷങ്ങളാണ്. ആകാശത്ത് ചെമ്പരുന്തിന്റെ അകമ്പടിയോടും കടപ്പുറത്തുള്ള പള്ളിയുടെ കുരിശടിവരെ നീളുന്ന പ്രദക്ഷിണത്തിൽ പൊൻവെള്ളി കുരിശികളും ആയിരത്തിലേറെ മുത്തുക്കുടകളും കണ്ണിനു നിറച്ചാർത്തു സൃഷ്ടിച്ചു പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മതസൗഹാർദം ഉണർത്തുന്ന നിമിഷങ്ങൾക്കാണ് ബസിലിക്ക സാക്ഷ്യം വഹിച്ചത്.
അർത്തുങ്കൽ ബസിലിക്ക റെക്ടർ റവ.ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ, ഫാ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ, ഫാ. ഡെന്‍സി ബെഞ്ചമിന്‍ കാട്ടുങ്കല്‍, ഫാ. ജേക്കബ് ആന്സന് പുത്തന്‍ചക്കാലക്കല്‍, ഫാ.ജോസഫ് അല്‍ഫോന്‍സ് കൊല്ലാപറമ്പില്‍, ഫാ. സാവിയോ മനവേലില്‍, കൈക്കാരന്മാർ, പള്ളിക്കമ്മിറ്റിയംഗങ്ങൾ, സന്നദ്ധസേനാംഗങ്ങൾ തുടങ്ങിയവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.
അര്‍ത്തുങ്കല്‍ തിരുനാള്‍ പ്രമാണിച്ച് ഇന്നലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകള്‍ക്ക് സര്‍ക്കാര്‍ പ്രാദേശിക അവധി നല്‍കിയിരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും പ്രത്യേകം സര്‍വീസ് നടത്തി. എട്ടാം പെരുന്നാളായ 27 നു കൃതജ്ഞതാദിനമായി ആചരിക്കും.
അന്നു വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തിനും വിശുദ്ധന്റെ ഈ തിരുസ്വരൂപമാണ് എഴുന്നള്ളിക്കുക. രാത്രി 12 ഓടെ തിരുസ്വരൂപവന്ദനം, തിരുനട അടയ്ക്കല്‍ ചടങ്ങുകള്‍ക്കുശേഷം കൊടിയിറക്കല്‍ ശുശ്രൂഷയോടെ മകരം തിരുനാളിനു സമാപനമാകും.
അര്‍ത്തുങ്കല്‍ പുണ്യം
ഇന്ന് ധന്യ മദര്‍ ഫെര്‍ണാണ്ട
റീവയുടെ അനുസ്മരണം
ഇന്ന് ധന്യ മദർ ഫെർണാണ്ട റിവയുടെ അനുസ്മരണദിനം. പരിപൂർണ അനുസരണത്തിന്റെയും വിനയത്തിന്റെയും ദാരിദ്ര്യത്തിന്റെയും വഴിയിൽ സുവിശേഷാധിഷ്ഠിതമായ ജീവിതത്തിലൂടെ തന്റെ സേവനം മുഴുവൻ സമൂഹത്തിനും പൊതുനന്മയ്ക്കും വേണ്ടി വിനിയോഗിച്ച കനോഷ്യൻ സന്യാസ സഭയിലെ ധന്യ മദർ ഫെർണാണ്ടയുടെ ജീവിത മാതൃക അനുകരിക്കാൻ ഈ ദിനം ലക്ഷ്യം വയ്ക്കുന്നു.
കനോസയിലെ വിശുദ്ധ കാതറിൻ ആരംഭിച്ച സന്യാസ സമൂഹമായ കനോഷ്യൻ സഭയിലെ മദറിലൂടെ ആരംഭിച്ച നന്മകളെ മുറുകെ പിടിച്ചു കനോഷ്യൻ സന്യാസ സമൂഹം ഒത്തിരി പൊതുസേവനങ്ങൾ ചെയ്തുകൊണ്ട് ജൈത്രയാത്ര തുടരുന്നു. ആ നന്മകളെ ആദരവോടുകൂടെ അഭിനന്ദിക്കാൻ ഈ ദിനം അനുസ്മരിക്കപ്പെടുന്നു. ആലപ്പുഴ രൂപതയിൽ സേവനം ചെയ്യുന്ന കനോഷ്യൻ സിസ്റ്റേഴ്സ് ഇന്നത്തെ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
രാവിലെ 5.30നു ദിവ്യബലി-ഫാ. മാര്ട്ടിന് ആന്റണി തേവരക്കാട്ടില്. 6.45നു പ്രഭാതപ്രാര്‍ഥന, ദിവ്യബലി-ഫാ. വിപിന്‍ എഡ്വേര്‍ഡ്. ഒമ്പതിനു ദിവ്യബലി-ഫാ. ജൂഡ് ജോസഫ് കൊണ്ടപ്പശേരില്. വചനപ്രഘോഷണം-ഫാ. ആന്റണി ദാസ്. 11ന് ദിവ്യബലി-ഫാ. അലന് ലെസ്ലി പനയ്ക്കല്‍. വചനപ്രഘോഷണം - ഫാ. ജോണ്സണ്. വൈകുന്നേരം മൂന്നിന് ദിവ്യബലി-ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കൈതവളപ്പില്‍. വചനപ്രഘോഷണം-ഫാ. മോന്‍സി. അഞ്ചിന് ജപമാല, നൊവേന, ലിറ്റനി. ആറിന് ലത്തീന്‍ ഭാഷയില്‍ ദിവ്യബലി-ഫാ. യേശുദാസ് കൊടിവീട്ടില്‍. വചനപ്രഘോഷണം-ഫാ. യേശുദാസ് തോട്ടുങ്കല്‍. രാത്രി എട്ടിന് ഇംഗ്ലീഷ് ഭാഷയില്‍ ദിവ്യബലി-ഫാ. എബിജന്‍ അറയ്ക്കല്‍. ഒമ്പതിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. ക്ലീറ്റസ് കാരക്കാട്ട്. പത്തിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. ഫ്രാന്‍സിസ് സേവ്യര്‍.