അര്‍ത്തുങ്കല്‍ പുണ്യം; ഇന്ന് തിരുനാൾ മഹോത്സവം
1496658
Sunday, January 19, 2025 11:04 PM IST
അറബിക്കടലിന്റെ തീരത്ത് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ബസിലിക്കയിൽ ഇന്ന് പ്രധാന തിരുനാൾ ദിനം. വിശുദ്ധ സെബസ്ത്യാനോസിന്റെ അദ്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണത്തിന് (വെളുത്തച്ചന്റെ എഴുന്നള്ളത്തിന്) ജനലക്ഷങ്ങൾ സാക്ഷികളാകും. ലക്ഷോപലക്ഷം നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന പ്രദക്ഷിണം ഇവിടുത്തെ പ്രത്യേകതയാണ്.
ആകാശത്ത് ചെമ്പരുന്തിന്റെ അകമ്പടിയോടെ കടപ്പുറത്തുള്ള പള്ളിയുടെ കുരിശടിവരെ നീളുന്ന പ്രദക്ഷിണത്തിന് പൊൻവെള്ളി കുരിശുകളും നിറപ്പകിട്ടാർന്ന മുത്തുക്കുടകളും മാറ്റുകൂട്ടും. അധരങ്ങളിൽ വിശുദ്ധ സെബസ്ത്യാനോസേ... ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർഥനാഗീതവും ഹൃദയത്തിൽ വിശ്വാസ തീഷ്ണതയും നിറഞ്ഞു നിൽക്കുന്ന അർത്തുങ്കൽദേശം ലക്ഷക്കണക്കിന് തീർത്ഥാടകരാൽ നിറയുന്ന കാഴ്ച അവർണനീയമാണ്.
തിരുനാൾ പ്രദക്ഷിണം നാലുമണിയോടെ ആരംഭിക്കും പ്രദക്ഷിണത്തിന് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന തേര് മൂത്തേടത്ത് രാജകുടുംബത്തിൽനിന്നു സമ്മാനിച്ചതായിരുന്നു. ജീർണിച്ചുപോയ പ്രസ്തുത തേരിന്റെ സ്ഥാനത്ത് ഇപ്പോൾ ശിൽപ്പവേലകളോടുകൂടിയ കൂട്ടിലാണ് തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രദക്ഷിണത്തിന് ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്നത് മതസൗഹാർദം ഉണർത്തുന്ന നിമിഷങ്ങളാണ്.
പുണ്യാളന്റെ എഴുന്നള്ളത്ത് കടൽത്തിരമാല പോലെ ഒഴുകി ഇറങ്ങി വരുന്നു - എന്ന് പഴമക്കാർ പറയാറുണ്ട്. ഇന്നത്തെ തിരുക്കർമങ്ങൾക്ക് ആലപ്പുഴ രൂപത മെത്രാൻ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ നേതൃത്വം നൽകുന്നു.
ഇന്നു രാവിലെ 5.30ന് ആഘോഷമായ ദിവ്യബലി-ഫാ.പ്രവീണ്‍ പോള്‍. വചനപ്രഘോഷണം-ഫാ.റിനോയ് കാട്ടിപ്പറമ്പില്‍. 6.45നു പ്രഭാതപ്രാര്‍ഥന, ആഘോഷമായ ദിവ്യബലി-ഫാ.സെബാസ്റ്റ്യന്‍ കുരിശിങ്കല്‍. വചനപ്രഘോഷണം-ഫാ.സെബാസ്റ്റ്യന്‍ മൈക്കിള്‍ പുത്തന്‍പുരയ്ക്കല്‍. ഒമ്പതിനു ആഘോഷമായ ദിവ്യബലി-ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍. വചനപ്രഘോഷണം-ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര. 11ന് ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി-ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍. ഉച്ചയ്ക്ക് ഒന്നിനു ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ.ജസ്റ്റിന് കുരിശിങ്കല്‍.വൈകുന്നേരം മൂന്നിന് ആഘോഷമായ തിരുനാള്‍ ദിവ്യബലി-കണ്ണൂര്‍ രൂപത വികാരി ജനറാൾ ഡോ. ക്ലാരന്‍സ് പാലിയത്ത്. വചനപ്രഘോഷണം-റവ.ഡോ. സെബാസ്റ്റ്യന്‍ ശാസ്താംപറമ്പില്‍. 4.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം-ഫാ. സെബാസ്റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേില്. ഏഴിന് ആഘോഷമായ സമൂഹദിവ്യബലി-ഫാ.സോളമന് ചാരങ്കാട്ട്. വചനപ്രഘോഷണം-ഫാ.സെബാസ്റ്റ്യന്‍ വലിയവീട്ടില്‍. രാത്രി ഒമ്പതിന് ആഘോഷമായ ദിവ്യബലി-ഫാ.ജോണ്‍ കണ്ടത്തിപ്പറമ്പില്‍. വചനപ്രഘോഷണം-ഫാ.സിബിന് അഞ്ചുകണ്ടത്തില്‍. പത്തിന് ആഘോഷമായ ദിവ്യബലി വചനപ്രഘോഷണം-ഫാ.ജോസ് പ്രമോദ് ശാസ്താംപറമ്പില്‍.