ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് നടന്നു
1496939
Tuesday, January 21, 2025 12:01 AM IST
കായംകുളം: പതിമൂന്ന് വയസില്‍ താഴെയുള്ളവരുടെ ജില്ലാ മിനി നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വേലഞ്ചിറ പുതിയവിള യുപി സ്കൂളില്‍ നടന്നു. കനകക്കുന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. സോമരാജന് നായര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. നെറ്റ്ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് പത്തിയൂര്‍ അധ്യക്ഷനായി. ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി എസ്.കെ. ജയകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഇരുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുതുകുളം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും ഇലിപ്പക്കുളം കെകെഎം ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും പല്ലന എംകെ എഎം എച്ച്എസ് കായംകുളം എന്‍ആര്‍പിഎം എച്ച്എസ്എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെന്നിത്തല മഹാത്മാ ഗേള്‍സ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും മുതുകുളം വിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും കായംകുളം എന്‍ ആര്‍പിഎം എച്ച്എസ്എസ്, ആലപ്പുഴ സെന്റ് ജോസഫ് എച്ച്എസ്എസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇലിപ്പക്കുളം കെകെഎം ജിവി എച്ച്എസ്എസിലെ അബ്ദുല്‍ ബാസിത്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുതുകുളം വിഎച്ച്എസ്എസിലെ സുപ്രിയ സന്തോഷ് എന്നിവര്‍ മികച്ച കായികങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ദേശീയ താരങ്ങളായ അനുഗ്രഹ ഷിബു, ഒമര്‍ സൈന്‍, ഷിജിന് ജെ കുഞ്ഞുമോന് എന്നിവര്‍ സമ്മാനദാനം നടത്തി. ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന് ട്രഷറര്‍ രഞ്ജു സക്കറിയ, രാജ്മോഹന്‍, പ്രജിത്ത്, അരുണ്‍ ബിജു, വി.വിമല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ആലപ്പുഴ ജില്ലാ ടീമിനെ മത്സരത്തില്‍നിന്നു തെരഞ്ഞെടുത്തു.