ചെങ്ങന്നൂരിന്റെ സംസ്കൃതി വിളിച്ചോതി വിളംബര ജാഥ
1496392
Saturday, January 18, 2025 11:52 PM IST
ചെങ്ങന്നൂർ: പ്രദർശന വിപണന മേളയായ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വരവ് വിളിച്ചോതി വർണാഭമായ വിളംബര ഘോഷയാത്രക്കാണ് ചെങ്ങന്നൂർ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ടിൽ നാലിന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ചെങ്ങന്നൂർ ഗവ. ഐടിഐ ഗ്രൗണ്ട്, പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ട് എന്നിവടങ്ങളിൽനിന്നും ആരംഭിച്ച ജാഥകളിൽ 12,000 കുടുംബശ്രീ വനിതകളാണ് പങ്കെടുത്തത്. 80 സിഡിഎസ് ചെയർപേഴ്സൺമാർ സരസ് മേളയുടെ പതാകയേന്തി മുൻനിരയിൽ ഉണ്ടായിരുന്നു.
കഥകളി, തെയ്യം, നാടൻ കലാരൂപങ്ങൾ, പുലികളി, കുട്ടികളുടെ സ്കേറ്റിംഗ്, ശിങ്കാരി കാവടി, പാവകളി, ബാന്റ്, പഞ്ചവാദ്യം, ചെണ്ടമേളം, വനിതകളുടെ കോൽക്കളി, മുത്തുകുടകൾ, അമ്മൻ കുടം, കേരളത്തിന്റെ പരമ്പരാഗത വേഷമണിഞ്ഞ കുട്ടികൾ, വിവിധ സിഡിഎസുകള്‍ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ എന്നിവയെല്ലാം ജാഥയിൽ അണിനിരുന്നു.
ഐടിഐ ഗ്രൗണ്ടിൽ ചെങ്ങന്നൂർ നഗരസഭ, ചെന്നിത്തല, ആലാ, വെൺമണി, മുളക്കുഴ പഞ്ചായത്തുകളിലെയും പഴവന ഗ്രൗണ്ടിൽ ബുധനൂർ, പാണ്ടനാട്, ചെന്നിത്തല, മാന്നാർ, ചെറിയനാട്, പുലിയൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെയും വനിതകളാണ് ജാഥയിൽ അണിനിരന്നത്. ഇരു ജാഥകളും നന്ദാവനം ജംഗ്ഷനിൽ സംഗമിച്ച് മേള നടക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് കേരളീയ വേഷമണിഞ്ഞ 1500 ഓളം കുടുംബശ്രീ വനിതകളുടെ കൂട്ടപ്പാട്ട് അരങ്ങേറി. ചേർത്തല രാജേഷിന്റെ പുല്ലാംങ്കുഴൽ ഫ്യൂഷനും തുടർന്ന് നടന്നു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ 31 വരെ നടക്കുന്ന മേളയ്ക്കു വിപുലമായ ഒരുക്കുങ്ങളാണ് നടത്തിയിയിരിക്കുന്നത്.
മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മന്ത്രി എം. ബി. രാജേഷ് നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.
വിവിധ കലാപരിപാടികൾ, മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്കാരിക പരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ, പുസ്തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും. കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ നല്‍കും. സംഘാടക സമിതിുടെ നേതൃത്വത്തില്‍ 100 സ്റ്റാളുകള്‍ ഒരുങ്ങും.