ജലക്ഷാമം രൂക്ഷം; കെഐപി കനാല്‍ തുറക്കുന്നതും കാത്ത് കര്‍ഷകര്‍
1497376
Wednesday, January 22, 2025 6:33 AM IST
ചാരുംമൂട്: ജലക്ഷാമം രൂക്ഷമായതോടെ ചാരുംമൂട് ഭാഗത്ത് കാര്‍ഷിക മേഖല പ്രതിസന്ധിയിലായി. കെഐപി കനാല്‍ തുറക്കുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍. വേനല്‍ കനത്തത്തോടെ മേഖലയില്‍ കൃഷികളെല്ലാം കരിഞ്ഞുതുടങ്ങിയ നിലയിലാണ്. ഇതിനു പരിഹാരമായിട്ടാണ് എല്ലാവര്‍ഷവും ജനുവരി മാസം ആദ്യം കനാലുകള്‍ തുറന്നുവിടുന്നത്.
കനാലുകള്‍ തുറന്നുവിടുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. തെന്മലയില്‍നിന്നാണ് കനാല്‍വഴി ജലം എത്തുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ കനാല്‍ തുറക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മിക്കയിടങ്ങളിലും കനാല്‍ ശുചീകരണം പൂര്‍ത്തിയാകാനുണ്ട്.
ചിലയിടങ്ങളില്‍ കനാല്‍ കാടുപിടിച്ച നിലയിലാണ്. പത്തനംതിട്ട ജില്ലയിലെ പഴകുളത്തുനിന്നുള്ള മെയിന്‍ കനാലിലൂടെയാണ് ജില്ലയിലെ നൂറാനാട് ഭാഗത്ത് വെള്ളം എത്തുന്നത്. തുടര്‍ന്ന് സബ് കനാലുകളിലൂടെ മേഖലയിലെ നൂറനാട് പാലമേല്‍ താമരക്കുളം ചുനക്കര പഞ്ചായത്തുകളിലും മാവേലിക്കര തെക്കേക്കര പഞ്ചായത്തിലും വെള്ളം എത്തിത്തുടങ്ങും.
ഇവിടങ്ങളിലെ കനാലുകള്‍ കാടുകയറിയ നിലയില്‍ കിടക്കുകയാണ്. ചില ഭാഗങ്ങളില്‍ മാത്രമാണ് തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. തെന്മല ഡാം തുറക്കുന്നതോടെ ജില്ലയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും.
മേഖലയില്‍ നിരവധി പാടശേഖരങ്ങളിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം വെള്ളം കിട്ടാതെ കൃഷികള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്. പച്ചക്കറി കൃഷികള്‍ക്കും കനാല്‍ വഴി ജലം എത്തുന്നതോടെ കര്‍ഷകര്‍ക്ക് ആശ്വാസമാകും.വിവിധ പ്രദേശങ്ങളില്‍ കനാലുകളുടെ അറ്റകുറ്റപ്പണികളും നടന്നു വരികയാണ്. നൂറനാട്ട് കനാലിന്റെ ഷട്ടര്‍ പണികള്‍ കഴിഞ്ഞദിവസം തുടങ്ങിയിരുന്നു.
കഴിഞ്ഞ ജൂണില്‍ ചുനക്കരയില്‍ വെള്ളം കയറി കനാല്‍ ഇടിഞ്ഞ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയെങ്കിലും നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ പാടശേഖരങ്ങളിലെയും മറ്റും കൃഷികളും കനാല്‍വഴി എത്തുന്ന വെള്ളം ലഭിച്ചെങ്കില്‍ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ. അതിനാല്‍ കനാല്‍ ജലത്തിനായി കാത്തിരിക്കുകയാണ് കര്‍ഷകര്‍. കനാലുകളിലെ അറ്റകുറ്റപ്പണികള്‍ വര്‍ഷംതോറം നടത്തുന്നതിനുവേണ്ടി ഉദ്യോഗസ്ഥര്‍ കാര്യമായ നടപടികള്‍ എടുക്കുന്നില്ലന്നും പരാതിയുണ്ട്.