വിദ്യാഭ്യാസരംഗത്തെ ഏകീകരണം പ്രശ്നങ്ങൾ സൃഷിക്കും: കെ.സി. വേണുഗോപാൽ എംപി
1496656
Sunday, January 19, 2025 11:04 PM IST
ആലപ്പുഴ: കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ ജീർണിച്ച അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ എംപി. പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ചോദ്യപേപ്പർ പുറത്താകുന്ന കേരള വിദ്യാഭ്യാസ മേഖലയും രാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന കേന്ദ്ര വിദ്യാഭ്യാസരംഗവും ഒരുപോലെ കലുഷിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ജില്ലാ പ്രസിഡന്റ് അജു പി. ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഏകീകരണ നീക്കം പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്നതിനാൽ ഖാദർ കമ്മിറ്റി റിപ്പോർട്ടും സ്പെഷ്യൽ റൂളും തള്ളിക്കളയണമെന്ന് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, വിലക്കയറ്റം കുറയ്ക്കുക, പൊതുജനങ്ങൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ കുടിശ്ശികകൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജോസ് കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി ഡോ.വർഗീസ് പോത്തൻ, സംസ്ഥാന നിർവാഹക സമിതിയംഗം ബി.സന്തോഷ് കുമാർ, സംസ്ഥാന കൾച്ചറൽ ഫോറം ചെയർമാൻ ബിജി ദാമോദരൻ, ഷിബു എസ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.