അര്‍ത്തുങ്കല്‍ തിരുനാള്‍ ഇന്ന്; ജനലക്ഷങ്ങള്‍ പങ്കുചേരും
1496659
Sunday, January 19, 2025 11:04 PM IST
ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ഇന്ന് ആഘോഷിക്കും. ലോകപ്രശസ്തമായ തിരുനാള്‍ പ്രദക്ഷിണവും ഇന്നു വൈകുന്നേരം നടക്കും.
തിരുനാളിനോടനുബന്ധിച്ച് ഇന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകല്‍ 11നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലും വൈകുന്നേരം മൂന്നിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഡോ.ക്ലാരന്‍സ് പാലിയത്തും മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്നാണ് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
തേരിന്റെ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള രൂപക്കൂടിനുള്ളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവുമായി പള്ളിയില്‍നിന്നു കടപ്പുറത്തെ കുരിശടിവരെ നടത്തുന്ന പ്രദക്ഷിണത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ജനലക്ഷങ്ങള്‍ അണിചേരും. പുണ്യവാളന്റെ മൃതദേഹം ചിറകുവിരിച്ച് സംരക്ഷിച്ച കഴുകന്മാരുടെ ഓര്മ നിലനിര്‍ത്തിക്കൊണ്ട് പ്രദക്ഷിണ സമയത്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകള്‍ അത്ഭുതകരമായ കാഴ്ചയാണ്. തോളോട് തോള് ചേര്‍ന്ന് ആയിരക്കണക്കിന് ഭക്തരാണ് എഴുന്നള്ളത്തിനായി തിരുസ്വരൂപം എടുത്തുപോകുന്നത്.
27നു രാത്രി 12ന് തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കല്‍, കൊടിയിറക്കല്‍ ശുശ്രൂഷയോടുകൂടി തിരുനാളിന് സമാപനമാകും.
തിരുനാള്‍ ദിനങ്ങളിലെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഹെല്‍പ്പ് ഡസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും സന്നദ്ധസേനാംഗങ്ങളുടെ സേവനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.