വിദ്യാർഥികളിൽ സേവന മനോഭാവം വളർത്തണം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1496386
Saturday, January 18, 2025 11:52 PM IST
കറ്റാനം: വിദ്യാർഥികളിൽ സേവന മനോഭാവം വളർത്തണമെന്നും സമൂഹത്തിൽ സേവനം ചെയ്യുന്നവരെ എന്നും സമൂഹം സ്മരിക്കുമെന്നും മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ 91-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ബീറ്റ് ബോക്സ് ചാമ്പ്യൻ ഷെൽബി മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, വാർഡ് മെംബർ മാത്യു ഫിലിപ്പ്, പ്രിൻസിപ്പൽ ടി. മോഹൻ ഹെഡ്മാസ്റ്റർ ടി.കെ. സാബു, പ്രോഗ്രാം കൺവീനർ സി.റ്റി. വർഗീസ്, ഫാ. ഡയനീഷ്യസ് , ഫാ. സിൽവെസ്റ്റർ തെക്കേടത്ത്, ഷൈലാ മാത്യു, ആലിയ ഷാജി, ബിൻസിമോൾ ജേക്കബ്, മോനു ജി സ്കറിയ, ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകർ, പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, എസ്എസ്എൽസി -പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു.