കുട്ടനാടിന്റെ വികസനമുരടിപ്പിന് ശാശ്വത പരിഹാരം വേണം: ജനാധിപത്യ കേരള കോണ്‍ഗ്രസ്
1496949
Tuesday, January 21, 2025 12:01 AM IST
എടത്വ: ഒരു പതിറ്റാണ്ടായി വികസനകാര്യത്തില്‍ കേരളം ഏറെ മുന്നോട്ടുപോയെങ്കിലും കുട്ടനാട് ഇക്കാര്യത്തില്‍ പിന്നാക്കം പോയത് ദൗര്‍ഭാഗ്യകരമാണെന്നും ശുദ്ധജലദൗര്‍ലഭ്യം, ഉള്‍നാടന്‍ റോഡുകളുടെ തകര്‍ച്ച, എന്നിവയുടെ അടിയന്തരവും ശാശ്വതവുമായ പരിഹാരത്തിനു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ.കെ.സി. ജോസഫ്. 2006 വരെ ലഭ്യമായിരുന്ന കുടിവെള്ളത്തിന്റെ നാലിലൊന്ന് പോലും വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടും ലഭിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഉള്‍നാടന്‍ റോഡുകള്‍ തീര്‍ത്തും ഗതാഗത യോഗ്യമല്ലാത്ത നിലയിലാണ്.
2004ല്‍ ഭരണാനുമതി ലഭിച്ച എടത്വ സബ് ട്രഷറി നാളിതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെ കുട്ടനാട് അഭിമുഖീകരിക്കുന്ന പ്രധാന വികസന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എടത്വ മേഖലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീനിയര്‍ വൈസ്പ്രസിഡന്റ് ബേബി ചെറിയാന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.സി. ജോസഫ്, സാജന് സെബാസ്റ്റ്യന്‍, ഷിബു മണല, ബാബു ആറുപറ, ബാബു മണ്ണാംതുരുത്തി, ജയിംസ് വാണിയപ്പുര, എം.സി. ശശി, സി.കെ. ബിജു, സാജു കൊച്ചുപുര, അഗസ്റ്റിന് മുടന്താഞ്ഞിലി, സെബാസ്റ്റ്യന്‍ മുട്ടത്ത്, അശോക് കുമാര്‍ കളരിക്കല്‍, ജോമോന് മണലയില്‍, പി.വി. തോമസ്, ജോര്‍ജ്കുട്ടി കൊച്ചുപുര എന്നിവര്‍ പ്രസംഗിച്ചു.