മദ്യം-മയക്കുമരുന്ന് പിടിമുറുക്കുന്നു; തീരദേശമേഖലയില്‍ ആത്മഹത്യകളും
1496946
Tuesday, January 21, 2025 12:01 AM IST
തുറവൂര്‍: സമൂഹത്തെ ഭീതിയിലാഴ്ത്തി തീരദേശമേഖലയില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു. കൂടുതലും യുവാക്കളാണ് ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തീരപ്രദേശമായ പള്ളിത്തോട് ഗ്രാമത്തില്‍ മാത്രം മൂന്ന് യുവാക്കളാണ് ആത്മഹത്യചെയ്തത്. അമിത മദ്യപാനവും മയക്കുമരുന്ന് ഉപയോഗമാണ് യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് സന്നദ്ധസംഘടനകളും നാട്ടുകാ രും പറയുന്നത്.
തീരദേശമേഖലയിലെ മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും വ്യാപകമാണ്. ചെല്ലാനം, പള്ളിത്തോട്, അന്ധകാരനഴി, വെട്ടയ്ക്കല്‍, തൈക്കല്‍, അര്‍ത്തുങ്കല്‍, എഴുപുന്ന, വളമംഗലം മേഖലകളിലെല്ലാം മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും ജനങ്ങളുടെ സൈ്വര്യജീവിതത്തിനു ഭീഷണിയായിട്ട് കാലങ്ങളായി.
എക്സൈസും പോലീസും ഈ വിപത്ത് കണ്ടില്ലെന്ന് നടിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗിച്ചശേഷം അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്യുന്നവരെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതു മൂലം നാട്ടുകാരും ഇക്കാര്യങ്ങളെ ചോദ്യം ചെയ്യാതെ പിന്മാറുന്നു.
പൊതുവഴികളിലും ഇടറോഡുകളിലും ആള്‍ത്താമസമില്ലാത്ത വീടുകളും മയക്കുമരുന്നു സംഘത്തിന്റെ താവളമായി മാറിയിരിക്കുകയാണ്. പശ്ചിമകൊച്ചി മേഖലയില്‍നിന്നാണ് ജില്ലയില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നത്.
സംസ്ഥാന സര്‍ക്കാരും മറ്റു സന്നദ്ധ സംഘടനകളും അടിയന്തരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് യുവാക്കള്‍ക്ക് കൗണ്‍സലിംഗും മറ്റും നല്കുന്നതോടൊപ്പംതന്നെ മയക്കുമരുന്ന് ഉപയോഗവും വില്പനയും നിയന്ത്രിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.