ഗാന്ധിജിയുടെ ചെങ്ങന്നൂർ സന്ദർശനം: ശതാബ്ദി ആഘോഷത്തിനൊരുങ്ങി ഗാന്ധിദര്‍ശന്‍ സമിതി
1496661
Sunday, January 19, 2025 11:04 PM IST
ചെങ്ങന്നൂര്‍: ഗാന്ധിജിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനത്തിന്റെ ശതാബ്ദി ആഘോഷം ചരിത്രമാക്കാന്‍ ഗാന്ധി വര്‍ഷം ചെങ്ങന്നൂര്‍ എന്ന പേരില്‍ ഇരുനൂറ് ദിവസം നീണ്ടു നില്ക്കുന്ന വൈവിധ്യമാര്‍ന്ന കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കിയതായി ഗാന്ധി ദര്ശന് സമിതി ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് 15നു തുടക്കം കുറിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സമാപിക്കും. മഹാത്മജിയുടെ അഞ്ചു പ്രാവശ്യത്തെ കേരള പര്യടനത്തിനിടെ മൂന്നുതവണ ചെങ്ങന്നൂര്‍ സന്ദര്‍ശിച്ചു. വൈക്കം സത്യഗ്രഹ സമരവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ 1925 മാര്‍ച്ച് 15 നായിരുന്നു ഗാന്ധിജിയുടെ ആദ്യ ചെങ്ങന്നൂര്‍ സന്ദര്‍ശനം. പിന്നീട് രണ്ടുതവണ കൂടി ചെങ്ങന്നൂരില്‍ എത്തി. 1934 ജനുവരി 20 നായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം.
ഹരിജനോദ്ധാരണാര്ഥം അദ്ദേഹം നടത്തിയ നാലാം കേരള സന്ദര്‍ശനത്തിനിടെയായിരുന്നു അത്. അവസാന പര്യടനം 1937ലും. അതനുസരിച്ച് ഗാന്ധിജിയുടെ 1925 മാര്‍ച്ച് 15 ലെ ആദ്യ ചെങ്ങന്നൂര്‍ സന്ദര്‍ശനം അടിസ്ഥാനമാക്കിയാണ് ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍, സെമിനാറുകള്‍, ശുചിത്വ ബോധവത്കരണം, സ്വാശ്രയ സംഘങ്ങളുടെ രുപീകരണം, മെഡിക്കല്‍ ക്യാംപുകള്‍, വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഗാന്ധിമാര്‍ഗം പരിപാടികള്‍, ലേഖന/ക്വിസ് മത്സരങ്ങള്‍, ഗാന്ധിസ്മൃതി സന്ധ്യ, സ്മൃതി യാത്ര, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും പ്രതിഭകള്‍ക്കും ആദരവ് എന്നിവ പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നു.