പദ്ധതി പൂര്‍ത്തീകരണത്തിനു രണ്ടുമാസം; ഫണ്ടില്ലാതെ പഞ്ചായത്തുകള്‍ വലയുന്നു
1496942
Tuesday, January 21, 2025 12:01 AM IST
തുറവൂര്‍: ജില്ലയിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍. കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ പദ്ധതികൾ പൂര്‍ത്തീകരിക്കാന്‍ രണ്ടുമാസം മാത്രം മുന്നിലുള്ളപ്പോഴാണ് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ പഞ്ചായത്തുകള്‍ നിര്ജീവാവസ്ഥലായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതങ്ങള്‍ വെട്ടിക്കുറച്ചതും അനുവദിച്ച തുക പലരീതിയില്‍ പിന്‍വലിച്ചതും പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്.
ഈ സാമ്പത്തികവര്‍ഷം തന്നെ പല റോഡുകളുടെയും പാലങ്ങളുടെയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കിയെങ്കിലും കുടിശിക ഇനിയും കിട്ടാനുള്ളതു ചൂണ്ടിക്കാണിച്ച് കരാറുകാര്‍ കരാര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. ഇതുമൂലം പല പദ്ധതികളും പഞ്ചായത്തുകള്‍ ഉപേക്ഷിക്കുകയാണുണ്ടായത്. ചില പഞ്ചായത്തുകള്‍ റോഡിന്റെ അറ്റകുറ്റപ്പണിക്കും മറ്റും കരാര്‍ നല്‍കിയെങ്കിലും നിലവിലുണ്ടായിരുന്ന റോഡുകള്‍ പൊളിച്ചതല്ലാതെ പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് സാധിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നുകിടന്നിട്ടും പഞ്ചായത്തുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഒട്ടുമിക്ക പഞ്ചായത്തുകളിലും ജനങ്ങള്‍ ആശ്രയിക്കുന്ന ഗ്രാമീണ റോഡുകള്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ സാധിക്കാത്തവിധം റോഡുകള്‍ തകര്‍ന്നിട്ടും ജനങ്ങളും ജനപ്രതിനിധികളും നിരവധി നിവേദനങ്ങളും മറ്റും നല്‍കിയിട്ടും പഞ്ചായത്തുകള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
കൃഷിഭവന് വഴിയുള്ള പദ്ധതികളും ഏറെക്കുറെ നിലച്ചമട്ടാണ്. മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ നിരവധി പദ്ധതികളാണ് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി കൃഷിഭവന്‍വഴി ജനങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരത്തില്‍ പദ്ധതികളെല്ലാം പൂര്‍ണമായി നിലച്ച അവസ്ഥയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും പദ്ധതികളെ പൂര്‍ണമായും പിന്നോട്ടടിച്ചിരിക്കുകയാണ്.
പുതിയ പദ്ധതികളുമായി ജനങ്ങള്‍ പഞ്ചായത്തിനെ സമീപിച്ചാലും പണമില്ല എന്ന ഒറ്റ വാക്കാണ് പറയുന്നത്. സാമ്പത്തികമില്ലായ്മ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മരുന്നുകളും മറ്റു സംവിധാനങ്ങളുമില്ലാതെ ഉഴലുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ രണ്ടുമാസത്തിനുള്ളില്‍ എങ്ങനെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നുള്ള സംശയത്തിലാണ് പഞ്ചായത്ത് അധികൃതര്‍.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുമുള്ള സഹായങ്ങളും വിതരണം ചെയ്യാന്‍ ഇതുവരെയും പഞ്ചായത്തുകള്‍ക്ക് സാധിച്ചിട്ടില്ല. ഇത്തരത്തില്‍ ഏറെക്കുറെ എല്ലാ പഞ്ചായത്തുകളുടെ കീഴിലുള്ള എല്ലാ പദ്ധതികളും നിലച്ചമട്ടാണ്. ഇനിവരുന്ന ദിവസങ്ങളില്‍ തട്ടിക്കൂട്ട് പദ്ധതികളും പരിപാടികളും നടത്തി എങ്ങനെയെങ്കിലും ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കാനാണ് മിക്ക പഞ്ചായത്തുകളുടെയും ശ്രമം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പഞ്ചായത്ത് ഭരണസമിതിക്കെതിരേ തിരിയുന്നതിനും കാരണമായിട്ടുണ്ട്. നിലവില്‍ തൊഴിലുറപ്പ് പദ്ധതി അല്ലാതെ മറ്റൊരു പദ്ധതികളും ഗ്രാമപഞ്ചായത്തുകള്‍ വഴി നടക്കുന്നില്ല എന്നാണ് ഉയരുന്ന പരാതി.