കുടംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്നു തിരിതെളിയും
1496662
Sunday, January 19, 2025 11:04 PM IST
ആലപ്പുഴ: പ്രദര്‍ശന വിപണന ഭക്ഷ്യ മേളയായ കുടുംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ചെങ്ങന്നൂര്‍ നഗരസഭ സ്റ്റേഡിയത്തില്‍ തിരി തെളിയും. പ്രധാന വേദിയില്‍ വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനംനിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. ചെങ്ങന്നൂര്‍ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂര്‍ പുരസ്കാരം
നടന് മോഹന്‍ലാലിന് സമ്മാനിക്കും.സ്റ്റീഫന്‍ ദേവസി ഷോയും നടക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചലച്ചിത്ര താരങ്ങള്‍ , പിന്നണിഗായകര്‍ തുടങ്ങിയവര്‍ നയിക്കുന്ന വിവിധ കലാപരിപാടികള്‍, മെഗാഷോകള്‍, സെമിനാറുകള്‍, ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സാംസ്കാരിക പരിപാടികള്‍, ഫ്ളവര്‍ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ അരങ്ങേറും.
കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 100 സ്റ്റാളുകളും ഉണ്ട് .കൂടാതെ 35 ഭക്ഷണ ശാലകളും സജ്ജമാകും. മേള 31 ന് സമാപിക്കും.
ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളക്കാണ് ചെങ്ങന്നൂര്‍ സാക്ഷിയാകുന്നത്. സരസ്മേളയില്‍ പ്രവേശനം സൗജന്യമാണ്.