വെട്ടിക്കോട് ചാലിൽ മാലിന്യം തള്ളൽ; കണ്ണടച്ച് അധികൃതർ
1496387
Saturday, January 18, 2025 11:52 PM IST
ചാരുംമൂട്: മാലിന്യമുക്ത നവകേരളം കാമ്പയിൻ നാടാകെ നടക്കുമ്പോൾ ഇവിടെ പാതയോരം മാലിന്യം തള്ളൽ കേന്ദ്രമായി മാറി. ചാക്കിലും പ്ലാസ്റ്റിക് കവറിലുമാക്കി നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ ഇപ്പോൾ ചീഞ്ഞ് അഴുകി ദുർഗന്ധം പരത്തുകയാണ്.
ഇതുമൂലം യാത്രക്കാർ ഉൾപ്പെടെ മൂക്കുപൊത്തി സഞ്ചരിക്കേണ്ട ഗതികേടാണ്. തിരക്കേറിയ കായംകുളം-പുനലൂർ റോഡിൽ വെട്ടിക്കോട് ചാലിനു സമീപമാണ് മാലിന്യം തള്ളൽ വ്യാപകമായിരിക്കുന്നത്. ചാക്കിലും കവറുകളിലും മറ്റും മാലിന്യങ്ങൾ കെട്ടിയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.
ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യങ്ങളും ദിവസങ്ങളായി പാതയോരത്ത് കിടക്കുകയാണ്. രാത്രിയായാൽ വെട്ടിക്കോട് ചാൽ ഉൾപ്പെടുന്ന പ്രദേശം വിജനമാണ്. ഇത് തിരിച്ചറിഞ്ഞാണ് വാഹനങ്ങളിലെത്തി ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. വള്ളികുന്നം - ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിത്. മുമ്പ് ചാലിലും മാലിന്യങ്ങൾ തള്ളുന്നതു പതിവായിരുന്നു. ഇവിടെ സാമൂഹവിരുദ്ധ ശല്യം വർധിക്കുന്നതായും ആക്ഷേപം ശക്തമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.