കണ്ണടച്ച വഴിവിളക്കുകളുടെ വാർത്ത പുറത്തുവന്നു; കണ്ണു തുറന്ന് അധികൃതർ
1497380
Wednesday, January 22, 2025 6:33 AM IST
അമ്പലപ്പുഴ: കണ്ണടച്ച വഴിവിളക്കുകളുടെ വാര്‍ത്ത പുറത്തുവന്നു, കണ്ണു തുറന്ന് അധികൃതര്‍. മെഡിക്കല്‍ കോളജ് ആശുപത്രി പ്രധാന കവാടം ഇനി രാത്രി കാലങ്ങളിലും പകല്‍പോലെ പ്രകാശിക്കും. രണ്ടു ദിവസം മുന്‍പു വരെ പ്രധാന കവാടം കൂരിരുട്ടിലായിരുന്നു.
മാസങ്ങളായി ഇവിടം ഇതേ അവസ്ഥയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി പ്രധാന കവാടത്തില്‍ ദേശീയപാതയ്ക്കരികില്‍ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായത് കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മുന്‍കൈയെടുത്ത് വഴി വിളക്കുകളുടെ തകരാറ് അടിയന്തരമായി പരിഹരിച്ചത്.
ആകെയുള്ള ആറു വിളക്കുകളില്‍ രണ്ടെണ്ണമാണ് ഇപ്പോള്‍ തകരാറ് പരിഹരിച്ച് പ്രകാശം പരത്തിയത്. ജി. സുധാകരന് മന്ത്രിയായിരുന്ന കാലത്ത് മറ്റു സ്ഥലങ്ങളില്‍ സ്ഥാപിച്ചതിനൊപ്പമാണ് മെഡിക്കല്‍ കോളജാശുപത്രി പ്രധാന കവാടത്തിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പിന്നീട് അറ്റകുറ്റപ്പണിയുടെയും വൈദ്യുത നിരക്ക് അടയ്ക്കുന്നതിന്റെയും ചുമതല അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിന് കൈമാറി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ വഴിവിളക്ക് തെളിയാതെ കിടന്നിട്ടും ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. ആശുപത്രിക്കു സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കഴിഞ്ഞാല്‍ പ്രദേശമാകെ കൂരിരുട്ടായിരുന്നു. വഴിവിളക്ക് തെളിയാത്തതിനാല്‍ രാത്രി കാലങ്ങളില്‍ ഇവിടെ വാഹനാപകടവും പതിവാണ്. ഇതിനും ഇതോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്.