വഴിവിളക്ക് കണ്ണടച്ചു; മെഡിക്കൽ കോളജ് ആശുപത്രി കവാടം ഇരുട്ടിൽ
1496385
Saturday, January 18, 2025 11:52 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പ്രധാന കവാടത്തിൽ ദേശീയപാതയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ജി. സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് മറ്റ് സ്ഥലങ്ങളിൽ സ്ഥാപിച്ചതിനൊപ്പമാണ് മെഡിക്കൽ കോളജ് ആശുപത്രി പ്രധാന കവാടത്തിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
പിന്നീട് അറ്റകുറ്റപ്പണിയുടെയും വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന്റെയും ചുമതല അമ്പലപ്പുഴ വടക്ക് പഞ്ചായത്തിനു കൈമാറി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ വഴിവിളക്ക് തെളിയാതെ കിടന്നിട്ടും ഇതിനു പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി. ആശുപത്രിക്കു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളടച്ചു കഴിഞ്ഞാൽ പ്രദേശമാകെ കൂരിരുട്ടാണ്.
ആശുപത്രിയിലേക്കുള്ള റോഡ് തകർന്നുകിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. വഴിവിളക്ക് തെളിയാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടെ വാഹനാപകടവും പതിവാണ്. ആശുപത്രിയിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഹൈമാസ്റ്റ് വിളക്ക് തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.