വീയപുരം-തുരുത്തി റോഡിന്റെ റീടെൻഡർ നടപടിയിലേക്ക്
1497370
Wednesday, January 22, 2025 6:33 AM IST
മങ്കൊമ്പ്: പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വീയപുരം-കിടങ്ങറ-വാലടി-തുരുത്തി റോഡിന്റെ റീടെൻഡർ നടപടികൾ യാഥാർഥ്യമാകുന്നു. കോടികൾ മുടക്കിയുള്ള റോഡ് നിർമാണം ആരംഭിച്ചപ്പോൾ മുതൽ ആരോപണങ്ങളുയർന്നിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കരാറുകാരനെ നീക്കിയതിനെത്തുടർന്ന് നിർമാണജോലികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ റോഡ് പുനരുദ്ധാരണ സമിതി രൂപീകരിക്കുകയും, റോഡിനായുള്ള പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു. സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയതുൾപ്പെടെയുള്ള ഒന്നര വർഷത്തെ പ്രയത്നത്തിനൊടുവിലാണ് ഇപ്പോൾ അനുകൂല നടപടികളാകുന്നത്.
ഒന്നര വർഷം മുൻപ് വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം തലവടിയിൽ ജന്മനാട്ടിൽ നൽകിയ സ്വീകരണ പരിപാടിയിൽ റോഡിന്റെ സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടി പുനരുദ്ധാരണ സമിതി നിവേദനം നൽകിയിരുന്നു. ഇതേതുടർന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഹൈപവർ കമ്മിറ്റി ചേർന്ന് മുൻ കോൺട്രാക്ടറെ ടെർമിനേറ്റ് ചെയ്യുകയായിരുന്നു.
റീ ടെൻഡറിന് മുന്നോടിയായി എസ്റ്റിമേറ്റ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകിയ സാഹചര്യത്തിലും, വിഷയത്തിൽ നാട്ടുകാർ ഇടപെട്ടിരുന്നു. വീണ്ടും പരിസ്ഥിതി ആഘാതപഠനം ഉൾപ്പെടെ പൂർത്തിയാക്കിയാണ് ഇപ്പോൾ റീ ടെൻഡർ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്.
വീയപുരം മുതല്‍ എടത്വ-പുതുക്കരി-മാമ്പുഴക്കരി-കിടങ്ങറ-കുന്നംകരി-വാലടി വഴി മുളക്കാന്‍ തുരുത്തി വരെ 21.457 കി.മി. ദൈര്‍ഘ്യമുള്ള റോഡ് കെഎസ്ടിപിയുടെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. റീബില്‍ഡ് കേരള ഇന്‍ഷിയേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 132 കോടി രൂപ വിനിയോഗിച്ചാണ് പുനര്‍നിര്‍മാണം.