അര്‍ത്തുങ്കല്‍ പുണ്യം ; ഇന്ന് യുവജനദിനം
1496394
Saturday, January 18, 2025 11:52 PM IST
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് യുവജനദിനമായി ആചരിക്കുന്നു. ക്രിസ്തുനാഥൻ, തന്റെ യുവത്വത്തിൽ ധാർമിക മൂല്യങ്ങളിൽ അടിയുറച്ചുനിന്ന് ലക്ഷ്യബോധത്തോടെ കർമനിരതനായി തന്റെ ജീവിതലക്ഷ്യം പൂർത്തീകരിച്ച മാതൃക ഉൾക്കൊണ്ട് ഈ കാലഘട്ടത്തിലും ഓരോ യുവതീ-യുവാക്കളും വളർന്നുവരണം എന്ന ലക്ഷ്യബോധത്തോടെ ഈ ദിനം ആചരിക്കുന്നു. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്താൽ ശിഥിലമാകുന്ന യുവത്വത്തിന്റെ നന്മയുടെ കാലഘട്ടത്തെപ്പറ്റി ബോധ്യപ്പെടുത്തുവാനും ഈ ദിനം അനുസ്മരിക്കുന്നു. ഇന്നത്തെ തിരുക്കർമങ്ങൾക്ക് ആലപ്പുഴ രൂപതയിലെ യുവജന സംഘടന കെസിവൈഎം നേതൃത്വം നൽകുന്നു.
ദൈവവിളികൾക്കായി ഒരു പ്രാർഥന ദിനം കൂടിയാണ് ഇന്നേ ദിനം. ദൈവത്തിന്റെ വിളി കേട്ട് സന്യാസ ജീവിതത്തിലേക്കും പൗരോഹിത്യ ശുശ്രൂഷയിലേക്കും യുവതീ യുവാക്കൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാനും അതിനുവേണ്ടി പ്രാർഥിക്കാനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. ധീരതയോടെ യേശുവിനുവേണ്ടി രക്തം ചിന്തി സാക്ഷ്യം വഹിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് അനേകം യുവതീ യുവാക്കൾ ദൈവവേലയ്ക്കായി വരണമേ എന്ന പ്രാർഥനയാണ് ഇന്നത്തെ ദിവസം ദേവാലയത്തിൽ മുഴങ്ങി കേൾക്കുന്നത്.
ഇന്നു രാവിലെ 5.30നു ദിവ്യബലി-റവ.ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍. 6.45നു പ്രഭാതപ്രാര്‍ഥന, ദിവ്യബലി-ഫാ. സിജു സോളമന്. വചനപ്രഘോഷണം-ഫാ. പോള്‍ നടുവിലത്തയ്യില്. ഒമ്പതിനു ദിവ്യബലി-ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍. വചനപ്രഘോഷണം-ഫാ. ബോണി ചാരങ്കാട്ട്. 11ന് സീറോ മലബാര്‍ റീത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി-ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയില്‍. വൈകുന്നേരം മൂന്നിന് ദിവ്യബലി-റവ.ഡോ. ഫ്രാന്‍സീസ് മരോട്ടിക്കപ്പറമ്പില്‍. വചനപ്രഘോഷണം-റവ.ഡോ. ഷാജി ജെര്‍മന്‍. അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ദിവ്യബലി-ഫാ. സൈമണ്‍ കുരിശിങ്കല്‍, ഫാ.സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ. തോമസ് മാണിയാപൊഴി, ഫാ. ഷാജി ബാസ്റ്റിന് ചുള്ളിക്കല്‍. വചനപ്രഘോഷണം-ഫാ.റൈനോള്‍ഡ് വട്ടത്തില്‍. രാത്രി എട്ടിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. സെബാസ്റ്റ്യന്‍ കരുമാഞ്ചേരി. ഒമ്പതിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍. പത്തിന് ദിവ്യബലി വചനപ്രഘോഷണം-ഫാ. അലക്സാണ്ടര്‍ കൊച്ചീക്കാരന്‍വീട്ടില്‍.