പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മേരി ടെൽഷ്യ ചുമതലയേറ്റു
1497381
Wednesday, January 22, 2025 6:33 AM IST
തുറവൂർ: എൽഡിഎഫ് ധാരണ പ്രകാരം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മേരി ടെൽഷ്യ ചുമതലയേറ്റു.
എൽഡിഎഫിലെ മുൻധാരണ പ്രകാരം നാലുവർഷം സിപിഐ എമ്മും ഒരു കൊല്ലം സിപിഐയും പ്രസിഡന്റുപദം വീതം വയ്ക്കണമെന്ന് ധാരണയാണ് ഉണ്ടായിരുന്നത്. ഇതുപ്രകാരം 2024 ഡിസംബർ 30ന് പ്രസിഡന്റായിരുന്ന ഗീതാ ഷാജി രാജിവയ്ക്കുകയും ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ മേരിയെ തെരഞ്ഞെടുക്കുകയുമാണുണ്ടായത്.
ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ 14 അംഗങ്ങൾ ഉള്ളതിൽ 9 അംഗങ്ങൾ സിപിഐ എമ്മിനും രണ്ട് അംഗങ്ങൾ സിപിഐക്കും മൂന്നംഗങ്ങൾ കോൺഗ്രസിനുമാണ് ഉള്ളത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് ബെന്നി വില്യം ആയിരുന്നു തെരഞ്ഞെടുപ്പ് ഭരണാധികാരി.
ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കാതെ വിട്ടുനിന്നു. എതിരില്ലാതെയാണ് പ്രസിഡന്റായി മേരി ടെൽഷ്യയെ തെരഞ്ഞെടുത്തത്.