അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബര്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ സന്ദര്‍ശിച്ചു
1491716
Wednesday, January 1, 2025 11:23 PM IST
ചേർത്തല: അർത്തുങ്കൽ തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ അർത്തുങ്കൽ ഫിഷറീസ് ഹാർബർ സന്ദർശിച്ചു. തുറമുഖ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ ഹാർബറിൽ ചേർന്ന അവലോകനയോഗത്തിൽ കേന്ദ്രമന്ത്രി നൽകി.
മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ കൂടുതൽ നിർദേശങ്ങൾ കേൾക്കുന്നതിനായി ഹാർബറുമായി ബന്ധപ്പെട്ട ഉന്നതല ഉദ്യോഗസ്ഥ പ്രതിനിധികൾ തുറമുഖം സന്ദർശിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ടോയ്ലറ്റ് ബ്ലോക്ക്, ഐസ് പ്ലാന്റ്് മുതലായവ മന്ത്രി സന്ദർശിച്ചു .
മോദി സർക്കാർ ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി 150.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് ഹാർബർ നിർമാണത്തിന് പുതുജീവൻ കൈവന്നത്. ഹാർബർ ചീഫ് എൻജിനിയർ എം.എ. മുഹമ്മദ് അൻസാരി, സൂപ്രണ്ട് എൻജിനിയർ എം.ടി. രാജീവ്, നബാർഡ് ഡിഡിഎം പ്രേംകുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ പി.എസ്. സ്വപ്ന, അർത്തുങ്കൽ ഹാർബർ അസി.എക്സിക്യൂട്ടീവ് എൻജിനിയർ എം.പി. സുനിൽ, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, വിമൽ രവീന്ദ്രൻ, ശ്രീജിത്ത് വാസുദേവൻ, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പി.എസ്. ജ്യോതിസ് തുടങ്ങിയ നേതാക്കളും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.