ആയുഷ്മാൻ ഭാരത് പദ്ധതിക്ക് വ്യക്തതയില്ലെന്നു പരാതി
1491711
Wednesday, January 1, 2025 11:23 PM IST
ഹരിപ്പാട്: കേന്ദ്രസര്‍ക്കാര്‍ 70 കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാച്ചെലവ് ലഭിക്കുന്നതിന് അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന അറിയിപ്പ് ഒരുമാസത്തിനു മുമ്പ് വാര്‍ത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇത് അറിഞ്ഞപ്പോള്‍ തന്നെ 70 കഴിഞ്ഞ വയോധികർ അക്ഷയ കേന്ദ്രങ്ങളില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. എന്നാല്‍, അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അറിയിപ്പ് വന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
70 കഴിഞ്ഞവര്‍ കൂടുതലും ചികിത്സ ആവശ്യമായവരും ചികിത്സയില്‍ തുടരുന്നവരുമാണ്. നിലവില്‍ ഇവര്‍ക്ക് രണ്ടു ലക്ഷത്തിന്റെ ചികിത്സ ലഭിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് ഉണ്ട്. പക്ഷേ, അതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ പരിഗണനയുള്ളു എന്ന അക്ഷേപമാണുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രകാരം ചികിത്സ ലഭിക്കുന്നില്ല. മുന്‍പ് നല്കിയ ചികിത്സയുടെ പണം സര്‍ക്കാര്‍ നല്‍കിയില്ല എന്നകാരണം പറഞ്ഞാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ ഹെല്‍ത്ത് കാര്‍ഡ് സ്വീകരിക്കാത്തത്.
ഇതിനിടെ കാര്‍ഡ് ഉള്ളവര്‍ പുതുക്കി അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന കാര്‍ഡ് ആക്കണമെന്ന അറിയിപ്പും ഉണ്ടായിരുന്നു. ആ തരത്തിലും എല്ലാവരും നിലവിലുള്ള കാര്‍ഡ് പുതുക്കിയിരുന്നു.
അപ്പോഴാണ് 70 വയസു കഴിഞ്ഞവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ് അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. എന്നിരുന്നാലും അക്ഷയ കേന്ദ്രങ്ങള്‍ 50 രൂപ ഈടാക്കി കൊണ്ട് ഈ കാര്‍ഡ് എടുത്ത് കൊടുക്കുന്നുണ്ട്. സര്‍ക്കാരുകളുടെ ചികിത്സാ പദ്ധതികളെക്കുറിച്ച് വ്യക്തത വരുത്തണമെന്നാണ് വൃദ്ധ ജനങ്ങളുടെ ആവശ്യം.