മാന്നാര്‍ ബോട്ടുജെട്ടി പൈതൃകഗ്രാമം പദ്ധതിയിൽ വീണ്ടെടുക്കുമെന്ന് പ്രതീക്ഷ
1491714
Wednesday, January 1, 2025 11:23 PM IST
മാന്നാര്‍: ഒരു കാലഘട്ടത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന മാന്നാര്‍ ബോട്ടുജെട്ടിയുടെ ശാപമോക്ഷത്തിനായുള്ള കാത്തിരിപ്പു നീളുന്നു. ബോട്ടുജെട്ടിയില്നിന്നുള്ള ബോട്ട് സര്‍വീസ് നിലച്ചിട്ട് കാല്‍നൂറ്റാണ്ടിലേറെയായി. ബോട്ടുജെട്ടിയും ഇതിനോട് ചേര്‍ന്നുള്ള കെട്ടിടവും സ്ഥലവും സംരക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ തയാറാക്കിയെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പന്നായിക്കടവ് പാലത്തിനു സമീപം പമ്പാനദീ തീരത്ത് ജലഗതാഗതവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണ് ഇവിടെയുള്ളത്.
മാന്നാര്‍ ടൗണില്‍നിന്ന് അധികം ദൂരമില്ലാത്ത സ്ഥലത്ത് ബോട്ട് ജെട്ടിയോട് ചേര്‍ന്ന് ഓഫീസും യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യവും ഉള്‍പ്പെടെ കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും അനാഥമായിരിക്കുന്നു. ഇവിടത്തെ കെട്ടിടത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം മുന്‍പുവരെ മാന്നാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നെങ്കിലും അങ്കണവാടി ടൗണിലേക്ക് മാറ്റി.
ഇതോടെ അനാഥമായ കെട്ടിടവും പരിസരവും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. ആളും ആരവുമായി കഴിഞ്ഞിരുന്ന ഇവിടമാണ് ഇന്ന് ഒറ്റപ്പെട്ട് കിടക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് ജലഗതാഗത ബോട്ട് സര്‍വീസുകളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. യാത്രയ്ക്കൊപ്പം വാണിജ്യാവശ്യങ്ങള്‍ക്കും ജനങ്ങള്‍ ആശ്രയിച്ചിരുന്നത് ജലഗതാഗതത്തെയാണ്.
എല്ലായിടങ്ങളിലും റോഡുകള്‍ വരുകയും റോഡ് ഗതാഗതം ശക്തിപ്പെടുകയും ചെയ്തതോടെ ജലഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അവസാനം ആലപ്പുഴയ്ക്ക് മാത്രമായി സര്‍വീസ് ചുരുങ്ങി. ഓട്, പിത്തള, അലൂമിനിയം, വാര്‍പ്പ്, പള്ളിമണികള്‍, ഉരുളി, വിളക്കുകള്‍, കൊപ്ര, അടയ്ക്ക തുടങ്ങിയവയെല്ലാം ആലപ്പുഴയ്ക്കും കോട്ടയത്തും എറണാകുളത്തും എത്തിച്ചിരുന്നതും അക്കാലത്ത് ഈ ബോട്ടുകളിലായിരുന്നു.
കൂടാതെ കാര്‍ഷിക മേഖലയായ കുട്ടനാടന്‍ കായലുകളിലെ കൊയ്ത്ത് കഴിഞ്ഞ് തൊഴിലാളികള്‍ നെല്ലുമായി എത്തിയിരുന്നതും ബോട്ടിനെ ആശ്രയിച്ചായിരുന്നു. പരുമല പള്ളി, പനയന്നാര്‍കാവ് ക്ഷേത്രം, പുത്തന്‍പള്ളി ജമാഅത്ത്, നിരണം പള്ളി, തൃക്കുരട്ടി ക്ഷേത്രം എന്നിവിടങ്ങളിലെ തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനകരമായിരുന്നു.
ബോട്ടു സര്‍വീസ് നിലച്ചതോടെ ബോട്ടുജെട്ടിയുടെ പ്രതാപം നശിച്ചു തുടങ്ങി. ഒരുകാലത്ത് പ്രദേശവാസകളുടെ സജീവ കുളിക്കടവായിരുന്ന ഇവിടം ബോട്ടുജെട്ടി ഉപയോഗ ശൂന്യമായതോടെ ചെളിയും മാലിന്യങ്ങളും അടിഞ്ഞ് കുളിക്കടവും ഇല്ലാതായി.
പന്നായികടവിലെ ബോട്ട് ജെട്ടിയും കെട്ടിടവും പരിസരങ്ങളും സംരക്ഷിച്ച് ഇവിടെ മിനി പാര്‍ക്ക് നിര്‍മിക്കുവാന്‍ മാന്നാര്‍ പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു. ബോട്ടുയാത്ര ഉള്‍പ്പെടെയുള്ള വിനോദ പരിപാടികളും പദ്ധതിയില്‍ ഉണ്ടായിരുന്നു.
ഇതിനായുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബജറ്റില്‍ തുക ഉള്ക്കൊള്ളിച്ചതല്ലാതെ പദ്ധതി നടന്നില്ല. എന്നാല്‍, ഈ ബോട്ട് ജെട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാന്‍ കഴിയുമെന്ന പുതിയ പ്രതീക്ഷയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൈതൃകഗ്രാമം.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മാന്നാര്‍, നിരണം, പരുമല, പാണ്ടനാട്, ചെങ്ങന്നൂര്‍, ആറന്മുള തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന പൈതൃകഗ്രാമം ടൂറിസം പദ്ധതിയില്‍ പമ്പാനദിക്കരയുടെ സമീപത്തുള്ള നാശോന്മുഖമായ ബോട്ടുജെ ട്ടികള് സംരക്ഷിച്ച് മിനി പാര്‍ക്കുകള്‍ സ്ഥാപിച്ച് സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോടു കൂടി ബോട്ട് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതാണ് പദ്ധതി.
ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ മാന്നാര്‍ ബോട്ടുജെട്ടിയുടെ നഷ്ടപ്രതാപം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പൈതൃക ടൂറിസത്തിനോടൊപ്പം പില്‍ഗ്രിം ടൂറിസത്തിനും പ്രാധാന്യം നല്കി 35 കോടി രൂപയുടെ പൈതൃകഗ്രാമം ടൂറിസം പദ്ധതി രൂപരേഖയും എസ്റ്റിമേറ്റും മന്ത്രി സജി ചെറിയാന് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. പുതുവര്‍ഷ പ്രതീക്ഷയില്‍ മാന്നാറിന്റെ തന്നെ സമഗ്ര വികസനത്തിന് ഗുണകരമാക്കുന്ന പൈതൃകഗ്രാമം പദ്ധതി യാഥാര്‍ഥ്യമാകാനായി കാത്തിരിക്കുകയാണ് നാട്്.