നിരവധി കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
1491709
Wednesday, January 1, 2025 11:23 PM IST
എടത്വ: നിരവധി കേസുകളില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതി എടത്വ പോലീസിന്റെ പിടിയില്‍. തലവടി നീരേറ്റുപുറം മുക്കാടന്‍ വീട്ടില്‍ ശ്രീലാല്‍ (33) ആണ് എടത്വ പോലീസിന്റെ പിടിയിലായത്. വധശ്രമം, മയക്കുമരുന്ന് അടക്കമുള്ള കേസുകളില്‍ പ്രതിയായ ശ്രീലാല്‍ മാസങ്ങളായി പോലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു.
പോലീസ് നിരവധി തവണ പ്രതിയെ തേടി നീരേറ്റുപുറത്തെ വീട്ടില്‍ എത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. നിരവധി കേസില്‍ പ്രതിയായ ശ്രീലാലിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് എടത്വ പോലീസ് ജില്ല കളക്ടറോടും പോലീസ് മേധാവിയോടും ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഇന്നലെ കാപ്പ നിയമം ചുമത്തിയിരുന്നു.
തുടര്‍ന്ന് രാവിലെ 11ന് പോലീസ് മഫ്തിയില്‍ വീട്ടിലെത്തുകയും മറ്റാവശ്യങ്ങള്‍ പറഞ്ഞ് ശ്രീലാലിനെ ഫോണിലൂടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ചങ്ങനാശേരി - തൃക്കൊടിത്താനം പ്രദേശങ്ങളില്‍ കൊട്ടേഷന്‍ സംഘാംഗമായി പ്രവത്തിച്ച കേസിലും പ്രതിയാണ് പിടിയിലായ ശ്രീലാല്‍.
അമ്പലപ്പുഴ ഡിവൈഎസ്പി എന്‍. രാജേഷ്, എടത്വ സിഐ എ. അന്‍വര്‍, എസ്ഐമാരായ കെ.എന്‍. രാജേഷ്, സജികുമാര്‍, സീനിയര്‍ സിപിഒ ഹരികൃഷ്ണന് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.