പുതുവർഷത്തിൽ എംഎല്‍എയുടെ ഓഫീസിനുമുന്നില്‍ സമരം
1491706
Wednesday, January 1, 2025 11:23 PM IST
ഹരിപ്പാട്: പുതുവര്‍ഷദിനത്തില്‍ എംഎൽഎയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. വികസന കാര്യത്തില്‍ വീയപുരത്തെ അവഗണിക്കു ന്നതില്‍ പ്രതിഷേധിച്ചാണ് സമരം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ്, പഞ്ചായത്തംഗം എം.ജഗേഷ് എന്നിവരാണ് തോമസ് കെ. തോമസ് എംഎല്‍എയുടെ നെടുമുടി ഓഫീസിനു മുന്നില്‍ സമരം നടത്തിയത്.
പൊതുപ്രവര്ത്തകന് കെ.എസ്. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുജിത് എസ്. അധ്യക്ഷത വഹിച്ചു. വീയപുരം പഞ്ചായത്തില്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് വികസനപദ്ധതികള്‍ നടത്താത്തതാണ് പ്രതിഷേധത്തിനു കാരണം.
കുട്ടനാട് നിയമസഭ മണ്ഡലത്തിലെ 13 പഞ്ചായത്തുകളിലൊന്നാണ് വീയപുരം പഞ്ചായത്ത്. മറ്റ് 12 പഞ്ചായത്തുകളിലും എംഎല്‍എയുടെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും നാളിതുവരെ ഒരുവികസനപ്രവര്ത്തനങ്ങളും വീയപുരത്ത് നടന്നിട്ടില്ല. പരാതികള്‍ നേരിട്ട് എംഎല്‍എയെ അറിയിക്കുമ്പോള്‍ എംഎല്‍എ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് വാക്കാല്‍ ഫണ്ട് അനുവദിക്കുന്നത് സ്റ്റൈലായി മാറി.
പുളിങ്കുന്ന്, ചമ്പകുളം, രാമങ്ക രി, നെടുമുടി, വെളിയനാട്, എടത്വ, തലവടി, മുട്ടാര്‍, നീലംപേരൂര്‍, കാവാലം, കൈനകരി, തകഴി എന്നീ കുട്ടനാട് താലൂക്കിലെ പഞ്ചായത്തുകളും കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം പഞ്ചായത്തും ഉള്‍ക്കൊള്ളുന്നതാണ് കുട്ടനാട് നിയമസഭാ മണ്ഡലം. ഇതില്‍ വീയപുരം പഞ്ചായത്തിന്റെ വികസനത്തെ അവഗണിക്കുന്നതാണ് എംഎല്‍എയുടെ രീതിയെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഹരിപ്പാട് ബ്ലോക്ക് ഓഫീസ് പരിധിയിലാണ്. മറ്റ് പഞ്ചായത്തുകളാകട്ടെ ചമ്പക്കുളം, വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനിയര്‍ വിഭാഗം പലതവണവന്ന് റോഡുകളുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഒരുകോടി നാല്പത്തി രണ്ടു ലക്ഷംരൂപയുടെ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചെന്നാണ് എംഎല്‍എ പറയുന്നത്. എന്നാല്‍, മൂന്ന് സാമ്പത്തിക വര്‍ഷം പിന്നിടാറായിട്ടും ഒരു പ്രവര്‍ത്തി പോലും തുടങ്ങിയിട്ടില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.
പ്രയാറ്റേരി, കാഞ്ഞിരം തുരുത്ത്, കന്യകോണി, അങ്കണവാടിപ്പടി, പോളത്തുരുത്ത്, മുണ്ടുതോട് തുടങ്ങിയ റോഡുകള്‍ക്കും ഓടനിര്മാണത്തിനുമാണ് ഫണ്ട് അനുവദിച്ചത്. ആസ്തിവികസനഫണ്ട് (എഡിഎസ്) സ്കീമിലാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഈ വര്‍ക്ക് ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നാണ് എംഎല്‍എ ഓഫീസ് അറിയിക്കുന്നത്.
എന്നാല്‍, ഈ സ്കീമില്‍ തന്നയാണ് മറ്റ് പഞ്ചായത്തുകളില്‍ ഫണ്ട് അനുവദിക്കുന്നത്. ഇവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. പരാതികള്‍ വ്യാപകമാകുന്നതോടെ എംഎല്‍എ ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത് പ്രതിനിധികളുടെയും അവലോകന യോഗം വിളിക്കാറുണ്ടെങ്കിലും പദ്ധതികള്‍ മാത്രം നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. അവഗണന അവസാനിപ്പിച്ച് വീയപുരത്തിന്റെ വികസനത്തിന് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.