ചക്കുളത്തുകാവില്‍ പന്ത്രണ്ട് നോമ്പ് മഹോത്സവത്തിന് കൊടിയിറങ്ങി
1490402
Saturday, December 28, 2024 4:59 AM IST
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോമ്പ് മഹോത്സവം ചക്കരക്കുളത്തില്‍ ആറാട്ടോടെ കൊടിയിറങ്ങി. ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകള്‍ക്കുശേഷം ആനപ്രമ്പാല്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍നിന്ന് കാവടി, കരകം, അമ്മന്‍കുടം, പൂക്കാവടി, നിശ്ചലദൃശ്യങ്ങള്‍, വാദ്യോപകരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടെ ചരിത്ര പ്രസിദ്ധമായ ചക്കരക്കുളത്തില്‍ ആറാട്ടും തുടര്‍ന്ന് തൃക്കൊടിയിറക്കും നടന്നു.
ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ആറാട്ടിന് ക്ഷേത്ര തന്ത്രി ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദന് നമ്പൂതിരി, മുഖ്യകാര്യദശി രാധാകൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ആറാട്ടിനുശേഷം മഞ്ഞൾ നീരാട്ട് നടന്നു. ക്ഷേത്ര അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അടുപ്പുകൂട്ടിയശേഷം വാര്‍പ്പില്‍ മഞ്ഞള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്ത് തിളപ്പിച്ചെടുക്കുന്ന മിശ്രിതം കവുങ്ങിന് പൂക്കുല ഉപയോഗിച്ച് ഭക്തര്‍ തളിച്ചാണ് മഞ്ഞനീരാട്ട് നടത്തിയത്. പന്ത്രണ്ട് നാളത്തെ വ്രതാനുഷ്ഠാനത്തോടു കൂടിയാണ് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തത്.
തിരുവുത്സവ ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തും നിന്ന് ആയിരങ്ങള്‍ ഇരുമുടിക്കെട്ടുകളേന്തി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. 12 ദിവസമായി ക്ഷേത്രത്തില്‍ നടന്നുവന്ന വിവിധ ചടങ്ങുകള്‍ക്ക് പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തതായി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരി പറഞ്ഞു.
മീഡിയ കോ-ഓർഡിനേറ്റര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ. സ്വാമിനാഥന്, കെ.എസ്. ബിനു എന്നിവര്‍ നേതൃത്വം നല്കി.