പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി : സിപിഎമ്മിന്റെ കഠാരരാഷ്ട്രീയത്തിനുള്ള പ്രഹരം: കൊടിക്കുന്നിൽ സുരേഷ് എംപി
1490731
Sunday, December 29, 2024 5:11 AM IST
മാവേലിക്കര: പെരിയ ഇരട്ടക്കൊലപാതക കേസിലെ സി ബി ഐ കോടതിവിധി സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കും സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിനും ഹുങ്കിനുമേറ്റ പ്രഹരമായി മാറിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ മുഴുവൻ ശക്തിയും വിനിയോഗിച്ചതാണ് സത്യത്തിന്റെ വഴിയിൽനിന്ന് നീതി വൈകിപ്പിക്കാനിടയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് കോടിക്കണക്കിനു രൂപ ചെലവഴിച്ച് വിചാരണ നീട്ടിയ നടപടികൾ നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിനാശം വരുത്തുന്നതാണെന്നും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വജനപക്ഷ നിലപാടിലൂടെ രാഷ്ട്രീയ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയും രാജി വയ്ക്കുകയും ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.