തിരിഞ്ഞുനോക്കാനാരുമില്ല : മാലിന്യവാഹിനിയായി ചമ്പക്കുളം മഠത്തിൽ തോട്
1490384
Saturday, December 28, 2024 4:47 AM IST
മങ്കൊമ്പ്: ഒരുകാലത്ത് ഒഴുക്കും ആരവങ്ങളുമായി ശുദ്ധജലസമൃദ്ധമായിരുന്ന ചമ്പക്കുളം മഠത്തിൽതോട് അധികൃതരുടെ അവഗണനമൂലം മാലിന്യവാഹിനിയായി തുടരുന്നു.
നെടുമുടി പഞ്ചായത്തിനു തൊട്ടുമുൻപിലുള്ള മഠത്തിൽ തോട് കടകലും മാലിന്യവും നിറഞ്ഞ് നീരൊഴുക്കു നിലച്ച നിലയിലാണ്. വർഷങ്ങൾക്കു മുൻപ് മൂലം വള്ളംകളിയിൽ വിജയികളാകുന്നവർക്ക് ട്രോഫികൾ വിതരണം ചെയ്തിരുന്നത് മഠം ദേവീക്ഷേത്രത്തിനു സമീപത്തുള്ള ഈ തോട്ടിൽവച്ചായിരുന്നു.
പമ്പാനദിയെയും പൂക്കൈതയാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മണപ്രാതോടിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ കടവിൽ ഒൻപതു ചുണ്ടൻ വള്ളങ്ങളും മറ്റു നിരവധി കളിവള്ളങ്ങളും ജലോത്സവത്തിനുശേഷം സംഗമിക്കുന്നത് പഴമക്കാരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു ഓർമകളാണ്.
എന്നാൽ, പഴയ പ്രതാപത്തിന്റെ നിഴലിൽപോലുമല്ല ഇന്നീ തോട്. പോളയും കടകലും മൂലം കാടുകയറിയ തോട് ഒരു ചെറുവള്ളത്തിനു പോലും സഞ്ചരിക്കാനാവാത്ത വിധം തടസപ്പെട്ടിരിക്കുകയാണ്. ചെമ്പകശേരി രാജാക്കൻമാർ നെൽപ്പുരമഠത്തിലേക്കെത്തിയിരുന്നതും ഇതുവഴിയാണെന്നത് തോടിന്റെ രാജകീയ പാരമ്പര്യ ചരിത്രം വെളിവാക്കപ്പെടുന്നു.
നാട്ടുകാരുടെ ശ്രമഫലമായി തോടിന്റെ ഒരുഭാഗം നീന്തൽ പരിശീലനത്തിനായി താത്കാലിക സൗകര്യ മൊരുക്കിയെടുത്തു. എന്നാൽ, പോളയും കടകലും നിറഞ്ഞുകിടക്കുന്ന അവശേഷിക്കുന്ന പ്രദേശങ്ങളിൽ ഇഴജന്തുക്കളടക്കം താവളമാക്കിയിരിക്കുകയാണ്.
പഞ്ചായത്ത് അധികൃതരുടെ കൺമുന്നിലായിരുന്നിട്ടും തോട് വൃത്തിയാക്കാൻ മാറിമാറി വരുന്ന ഭരണസമിതികൾ തയാറാകാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. നെടുമുടി പ്രദേശത്തുനിന്നു നിരവധി നീന്തൽതാരങ്ങളുണ്ടായിട്ടുണ്ട്.
ഇതിലൂടെ നിരവധി സർക്കാർ ജീവനക്കാരുമുണ്ടായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് തോട് വൃത്തിയാക്കി നീന്തൽ പരിശീലനത്തിനു സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന്റെ ഭാഗമായി തോടിനിരുകരകളും കല്ലുകെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.