ടിപ്പർ കയറി മരിച്ചു
1490735
Sunday, December 29, 2024 5:11 AM IST
മാന്നാർ: മണ്ണ് കയറ്റി എത്തിയ ടിപ്പർ ലോറി തലയിൽകൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം. ചെന്നിത്തല തൃപ്പെരുന്തുറ സന്തോഷ് ഭവനിൽ സുരേന്ദ്രനാ(68)ണ് മരിച്ചത്. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ കുടകുത്തി പ്പടിക്കു സമീപത്തെ വളവിൽ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.
തിരുവല്ല ഭാഗത്തുനിന്നു പൊടിയാടിയിലേക്ക് എത്തിയ ടിപ്പറിന്റെ പിൻചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണ സുരേന്ദ്രന് തലയിൽ പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ അന്ത്യം സംഭവിക്കുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ്.ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചു. ചെന്നിത്തല പുത്തുവിളപ്പടി ജംഗ്ഷനിൽ ഫാൻസി സെന്റർ നടത്തുന്ന സുരേന്ദ്രൻ കടയിലേക്ക് അവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങവേയാണ് അപകടം സംഭവിച്ചത്.
ഭാര്യ: സുഭദ്ര. മക്കൾ: സന്തോഷ്, ശാലിനി. മരുമക്കൾ: സുജിത, വിപിൻദാസ്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.