പാതിരാമണൽ ഫെസ്റ്റ്; ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
1490395
Saturday, December 28, 2024 4:59 AM IST
മുഹമ്മ: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെത്തുടർന്ന് പാതിരാമണൽ ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങ് മാറ്റിയെങ്കിലും ദ്വീപിലേക്ക് സഞ്ചാരികൾ കൂട്ടമായി എത്തുന്നു. ചടങ്ങ് മാറ്റിയതറിയാതെ എത്തിയ സന്ദർശകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പഞ്ചായത്ത് ഭാരവാഹികളാട നേതൃത്വത്തിൽ ക്രമീകരണങ്ങൾ എർപ്പെടുത്തി.
ജലഗതാഗതവകുപ്പിന്റെയും സ്വകാര്യവ്യക്തികളുടെയും ബോട്ടുകൾക്കു പുറമേ പഞ്ചായത്തും ജലയാനങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഉദ്ഘാടന ദിനത്തിൽ നിശ്ചയിച്ചിരുന്ന വർണോജ്വലമായ സാംസ്കാരിക ഘോഷയാത്ര സമാപനദിനത്തിൽ സമ്മേളനത്തിന് മുൻപായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കായിപ്പുറം ജെട്ടിയിൽ ഭക്ഷണശാലകൾ തുറന്നിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൾക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ടിക്കറ്റ് കൗണ്ടർ തുടങ്ങിയതിനു പുറമേ ബോട്ടിൽ തിരക്കില്ലാതെ കയറുന്നതിനും സൗകര്യം ഏർപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമ, ജി.സതീഷ്, വി. വിഷ്ണു, വിനോമ്മ രാജു എന്നിവർ നേതൃത്വം നൽകി.
സ്കൂൾ വിദ്യാർഥികളും വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഫെസ്റ്റിനെത്തുന്നവർക്ക് ദ്വീപിൽ സുഗമമായി പോയി വരുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴ - തണ്ണീർമുക്കം റോഡിനൊപ്പം കായിപ്പുറം ജംഗ്ഷൻ മുതൽ കായിപ്പുറം ജെട്ടി വരെ വൈദ്യുതി ദീപങ്ങളാൽ അലംകൃതമാണ്. ഫെസ്റ്റിന്റെ ഭാഗമായി വീഥികൾക്കിരുപുറവും പൂച്ചെടികൾ ഇടം പിടിച്ചിട്ടുണ്ട്. മതിലുകളും ഗ്രാമ കാഴ്ചകൾ ഓളംതല്ലുന്ന ചിത്രങ്ങളാൽ അലംകൃതമാണ്. ജലയാനങ്ങളിൽ കായൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ദ്വീപ് വലം വച്ച് കാണുന്നതിനും സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു.