പാതിരാമണല്‍ ഫെസ്റ്റിന് ഹരിയാന സംഘവും
1490397
Saturday, December 28, 2024 4:59 AM IST
മുഹമ്മ: പാതിരാമണലിന്റെ മനോഹാരിത കാണാന്‍ ഹരിയാനാ സംഘമെത്തി. കേരളത്തിന്റെ ഗ്രാമകാഴ്ചകള്‍ കാണാനെത്തിയ 100 അംഗ സംഘം പാതിരാമണലിനെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇന്നലെ രാവിലെ ദ്വീപില്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബുവിന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് കായല്‍ കാഴ്ചകളിലേക്കും ദ്വീപിന്റെ ചാരുതയിലേക്കും സംഘത്തെ നയിച്ചു.
ഹരിയാനയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് എത്തിയത്. എല്ലാ വര്‍ഷവും ഇന്ത്യയുടെ ഗ്രാമ ചാരുത കാണാന്‍ സംഘം യാത്ര ചെയ്യാറുണ്ട്. ഈ വര്‍ഷം തെരഞ്ഞെടുത്തത് കേരളമാണ്.
കേരളത്തില്‍ എത്തിയപ്പോഴാണ് പാതിരാമണല്‍ ഫെസ്റ്റ് നടക്കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് രാവിലെ തന്നെ സംഘം എത്തുകയായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായുള്ള തെരക്ക് ഉണ്ടായിരിന്നെങ്കിലും സംഘത്തിന് സുഗമമായി ദ്വീപില്‍ എത്താനും കാഴ്ചകള്‍ കാണാനും പഞ്ചായത്ത് അധികൃതര്‍ സൗകര്യമൊരുക്കി.
ദ്വീപിന്റെ സൗന്ദര്യത്തില്‍ മയങ്ങിയ സംഘം നാലു മണിക്കൂറോളം ദ്വീപില്‍ തങ്ങി. ഹരിയാനയിലെ നാടന്‍ കലാരൂപങ്ങളുടെ അവതരണവും നടത്തി. ഹരിയാനക്കാരുടെ പരമ്പരാഗത വേഷമണിഞ്ഞുള്ള കലാപരിപാടികള്‍ ദ്വീപ് കാണാനെത്തിയവര്‍ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്.