ചക്കുളത്തുകാവ് തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉജ്വല വരവേല്‍പ്പ്
1490202
Friday, December 27, 2024 5:03 AM IST
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ട് നോമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉജ്വല വരവേല്‍പ്പ്. ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ദേവിക്ക് ചാര്‍ത്താനായി തങ്ക തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
താലപ്പൊലിയേന്തിയ അംഗനമാര്‍, കഥകളി, തെയ്യം, കരകം, കാവടി, മയിലാട്ടം, നിശ്ചല ദ്യശ്യങ്ങള്‍, പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, പഞ്ചാരിമേളം, തുള്ളല്‍, കോലം, കുമ്മാട്ടി, തെയ്യം എന്നീ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്കു മികവേകി.
കാവുംഭാഗം തിരു-ഏറങ്കാവ് ദേവി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷന് എന്നീ സ്ഥലങ്ങളില്‍ സ്വീകരണം നല്കി. വിവിധ ക്ഷേത്ര ഭാരവാഹികളുടെയും സാമുദായിക-സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
റോഡിന് ഇരുവശത്തെയും ഭവനങ്ങളില്‍ നിലവിളക്ക് കത്തിച്ചും അലങ്കാര ദീപങ്ങള്‍ ചാര്‍ത്തിയും സ്ത്രീഭക്തര്‍ താലപ്പൊലി ഏന്തിയുമാണ് തിരുവാഭരണ ഘോഷയാത്രയെ വരവേറ്റത്. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം ദേവിക്ക് തിരുവാഭരണം ചാര്‍ത്തി സര്വമംഗാളാരതി ദീപാരാധന നടന്നു.
ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിച്ചു.
ഘോഷയാത്രയും തുടര്‍ന്ന് നടന്ന ചടങ്ങുകള്‍ക്കും മീഡിയ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥന്, കെ.എസ്. ബിനു എന്നിവര്‍ നേത്യത്വം നല്കി.