ജീവകാരുണ്യനിധി മില്യന്‍ സ്റ്റാര്‍, എക്സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്
1490736
Sunday, December 29, 2024 5:11 AM IST
ചങ്ങനാശേരി: അതിരൂപതയുടെ ജീവകാരുണ്യപ്രസ്ഥാനമായ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ മില്യന്‍ സ്റ്റാര്‍, കളര്‍ എ ഹോം എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് 52 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ കീഴില്‍ നടന്നുവരുന്ന രണ്ട് ബൃഹത്തായ ജീവകാരുണ്യസംരംഭങ്ങളാണ് കളര്‍ എ ഡ്രീം ഉന്നത വിദ്യാഭ്യാസ നിധിയും, കളര്‍ എ ഹോം പാര്‍പ്പിട പദ്ധതിയും.
നിര്‍ധന കുടുംബങ്ങളിലെ പഠനത്തില്‍ സമര്‍ഥരായ കുട്ടികളുടെ പ്രഫഷണല്‍ കോഴ്സ് പഠനത്തെ സഹായിക്കുന്നതിനായി അതിരൂപത രൂപം നല്‍കിയിരിക്കുന്ന സംരംഭമാണ് കളര്‍ എ ഡ്രീം ഉന്നതവിദ്യാഭ്യാസ നിധി. 2004 മുതൽ നടന്നുവരുന്ന ഈ പദ്ധതി വഴി 3400ൽ അധികം കുട്ടികൾക്ക് 8.2 കോടി രൂപ നാളിതുവരെ ധനസഹായം നൽകി.
ഓരോ കുട്ടിക്കും 60,000 രൂപയാണ് ട്രസ്റ്റ് ഇപ്പോൾ പഠനസഹായമായി നൽകുന്നത്. ഇടവകകൾ സമാഹരിച്ചു നൽകുന്ന തുകയാണ് കളർ എ ഡ്രീം പദ്ധതിയുടെ പ്രധാന വരുമാനം. കളർ എ ഡ്രീം പദ്ധതിയിൽ 20 ലക്ഷം രൂപ സമാഹരിച്ച് നൽകിയിട്ടുള്ള ഇടവകകൾക്ക് ലഭിക്കുന്ന പുരസ്കാരമാണ് ഡബിൾ മില്യൻ സ്റ്റാർ അവാർഡ്.
ഇതിന് ഇത്തവണ അര്‍ഹത നേടിയത് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക, വെരൂര്‍ സെന്റ് ജോസഫ് എന്നീ ഇടവകകളാണ്. പത്ത് ലക്ഷത്തിലധികം തുക ഈ ഫണ്ടിലേക്ക് സമാഹരിച്ചു നല്‍കിയിട്ടുള്ള ഇടവകകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള മില്യന്‍ സ്റ്റാര്‍ അവാര്‍ഡിന് ഇത്തവണ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ഇടവക അര്‍ഹരായി. 60,000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് ഈ പുരസ്കാരങ്ങൾ.
2023 - 24 വര്‍ഷത്തെ ധനശേഖരണത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇടവകകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് കളര്‍ എ ഹോം എക്സലന്‍സ് അവാര്‍ഡ്. ഒന്നാം സ്ഥാനം ലഭിച്ച ഇടവകയ്ക്ക് ട്രോഫിയും 30,000 രൂപ കാഷ് അവാര്‍ഡും ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനം ലഭിച്ച ഇടവകയ്ക്ക് ട്രോഫിയും 20,000 രൂപ കാഷ് അവാര്‍ഡും നല്‍കും. ഈ വര്‍ഷം തിരുവനന്തപുരം പൊങ്ങുംമൂട് സെന്റ് അല്‍ഫോന്‍സാ ഇടവകയും ചെങ്ങന്നൂര്‍ മര്‍ത്ത് മറിയം ഇടവകയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇന്ന് ചങ്ങനാശേരി അതിരൂപത കേന്ദ്രത്തില്‍ നടക്കുന്ന ജീവകാരുണ്യനിധി ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
മൂന്ന് പതിറ്റാണ്ടുകള്‍ ജീവകാരുണ്യനിധിയുടെ അമരക്കാരനായിരുന്ന അന്തരിച്ച ഫാ. ഗ്രിഗ്രറി ഓണംകുളത്തെ സമ്മേളനത്തില്‍ അനുസ്മരിക്കും. മില്യന്‍ സ്റ്റാര്‍ അവാര്‍ഡും കളര്‍ എ ഹോം എക്സലന്‍സ് അവാര്‍ഡും മെത്രാപ്പോലീത്ത വിതരണം ചെയ്യും. സെക്രട്ടറി ഫാ. ബെന്നി കുഴിയടിയില്‍, ജോയിന്റ് സെക്രട്ടറി സജി മതിച്ചിപ്പറമ്പില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഡോ. രാജന് കെ. അന്പൂരി എന്നിവര്‍ പ്രസംഗിക്കും.