കാട്ടുപന്നി റോഡിന് കുറുകെ ചാടി; ബൈക്ക് യാത്രികനു പരിക്ക്
1490399
Saturday, December 28, 2024 4:59 AM IST
ചാരുംമൂട്: കായംകുളം -പുനലൂർ കെപി റോഡിൽ പട്ടാപ്പകലിലും കാട്ടുപന്നിയുടെ വിളയാട്ടം. പന്നി റോഡിനു കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രികനു പരിക്കേറ്റു. വള്ളികുന്നം സുരേഷ് ഭവനില്‍ അജേഷിനാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിയെ ഇടിച്ച് ബൈക്ക് മറിയുകയും വീഴ്ചയിൽ അജേഷിന്റെ പല്ല് നഷ്ടപ്പെടുകയും ചെയ്തു.
ആദിക്കാട്ടുകുളങ്ങര റേഷന്‍കടയ്ക്ക് സമീപത്ത് കെപി റോഡില്‍ ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. അടൂര്‍ റവന്യു ടവറില്‍ സര്‍വേ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനാണ് പരിക്കു പറ്റിയ അജേഷ്.
തിരക്കുള്ള കെപി റോഡില്‍ പകല്‍ നേരത്തും പന്നി റോഡില്‍ ഇറങ്ങിയത് നാട്ടുകാരെയും യാത്രക്കാരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചാരുംമൂട് മേഖലയിൽ ഉൾപ്പെടെ രാത്രിയിൽ പന്നി ഇറങ്ങി വ്യാപക കൃഷിനാശം നേരിടുകയാണ്.