പൊതുവഴി കൈയേറി മതില് നിര്‍മാണം : റിസോർട്ടിന്റെ മതില് പൊളിച്ച് എംഎല്‍എ
1490745
Sunday, December 29, 2024 5:21 AM IST
ആലപ്പുഴ: പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില് പൊളിക്കാന്‍ നോട്ടീസ് നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതില് പൊളിച്ച് എച്ച്. സലാം എംഎല്‍എ. ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി എംഎല്‍എ പൊളിച്ചത്.
റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചിട്ടും മതില് പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് സലാം എംഎല്‍എ മതില് പൊളിച്ചത്. പള്ളാത്തുരുത്തിയിലെ റിസോര്‍ട്ടിനെതിരെയാണ് എംഎല്‍എയുടെ നടപടി. മതില് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
അതോടെയാണ് മതില് പൊളിക്കാന്‍ തീരുമാനിച്ചതെന്ന് സലാം എംഎല്‍എ പറഞ്ഞു. പൊതുവഴി കൈയേറിയാണ് റിസോര്‍ട്ടിന്റെ മതില് കെട്ടിയതെന്ന് എംഎല്‍എ ആരോപിച്ചു. അതേസമയം, എംഎല്‍എ മതില് പൊളിച്ചത് നിയമവിരുദ്ധമായാണെന്നു റിസോര്‍ട്ട് ഉടമ പ്രതികരിച്ചു. പോലീസിൽ പരാതി നല്‍കിയതായി റിസോര്‍ട്ട് ഉടമ വ്യക്തമാക്കി.
എംഎല്‍എയ്ക്കെതിരേ പരാതിയുടെ ആവശ്യമില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. റോഡിന് വീതി കൂട്ടേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്. മതില് ഒരു വിഷയമാക്കേണ്ടതില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.