കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റും സിസിടിവി കാമറകളും സ്ഥാപിക്കും
1490387
Saturday, December 28, 2024 4:47 AM IST
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെ നേതൃത്വത്തില്‍ സ്വീകരിച്ച അടിയന്തര നടപടികളുടെ ഭാഗമായി രണ്ടാഴ്ചയ്ക്കകം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു.
നേരത്ത കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നഗരസഭാ ചെയര്‍പേഴ്സണി ന്റെയും നേതൃത്വത്തില്‍ സംയുക്തസംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ പല ഭാഗത്തും വെളിച്ചക്കുറവുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
നഗരസഭയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കിയതായും രണ്ടാഴ്ചക്കുള്ളില്‍ ലൈറ്റ് സ്ഥാപിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
ബസ് സ്റ്റാന്‍ഡിലെ നിലവിലെ ഹൈമാസ്റ്റ് ലൈറ്റില്‍നിന്ന് പ്രകാശം ലഭിക്കാത്ത ഭാഗങ്ങളില്‍ കെഎസ്ആര് ടിസി അധികൃതരും അധിക ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കെയര്‍ ഫോര്‍ ആലപ്പിയുടെ സാമ്പത്തിക സഹായത്തോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്.
കെഎസ്ആര്‍ടിസി അധികൃതരുമായി ചര്‍ച്ച നടത്തി കാമറ സ്ഥാപിക്കേണ്ട സ്പോട്ടുകള്‍ തീരുമാനിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ തന്നെ കെഎസ്ആര്‍ടിസി പരിസരത്ത് കാമറകള്‍ സ്ഥാപിക്കുമെന്ന് കെയര്‍ ഫോര്‍ ആലപ്പി അധികൃതര്‍ അറിയിച്ചു.
പുതുവത്സരം പ്രമാണിച്ച് നഗരത്തിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇരുനൂറിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരു ഡി വൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ടു സിഐമാരും 75 പോലീസുകാരും ബീച്ചില്‍ സുരക്ഷയൊരുക്കും. കൂടാതെ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ 25 ഓളം ട്രാഫിക് പോയിന്റുകളിലായി സിഐയുടെ മേല്‍നോട്ടത്തില്‍ 75 പോലീസുകാരെ നഗരത്തിന്റെയും ബീച്ചിലേക്കുള്ള റോഡുകളുടെയും വിവിധ ഭാഗങ്ങളിലായി വിന്യസിക്കും.
വാഹന പരിശോധനകള്‍ക്കായി ആറ് കേന്ദ്രങ്ങളിലായി 24 പോലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ പോയിന്റിലും ഒരു എസ്ഐയും മൂന്ന് പോലീസുകാരും കാണും. വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലങ്ങളിലായി 30 ലധികം പോലീസുകാരെയും നിയോഗിക്കുന്നുണ്ട്. ശക്തമായ നിരീക്ഷണം ഉറപ്പാക്കാന്‍ സിസിടിവി കാമറകളും പോലീസ് സ്ഥാപിച്ചിട്ടുണ്ട്.