ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് താഴെ വീണു
1490730
Sunday, December 29, 2024 5:11 AM IST
അമ്പലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് താഴെ വീണു. യാത്രക്കാരുടെ ജീവൻ ഭീഷണിയിൽ. ദേശീയപാതയിൽ പായൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്തായാണ് സ്ലാബ് വീണത്.
ദേശീയപാത പുനർനിർമാണത്തിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കുന്നതിനായാണ് സ്ലാബുകൾ സ്ഥാപിച്ചത്. ഇതിലൊരെണ്ണമാണ് കുഴിയിലേക്ക് വീണത്. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്തോട് ചേർന്നാണ് ഈ കുഴി.
വഴിവിളക്കു പോലുമില്ലാത്ത ഈ ഭാഗത്ത് സ്ലാബില്ലാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ഒരു വാഹനത്തെ മറികടന്നെത്തുന്ന വാഹനം നിയന്ത്രണം തെറ്റിയാൽ സ്ലാബില്ലാത്തതുമൂലം കുഴിയിൽ വീഴും. സ്ലാബ് വീണുകിടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇത് പൂർവസ്ഥിതിയിലാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.