റോഡരികിൽ ട്രാഫിക് മിറർ സ്ഥാപിച്ച് റസിഡന്റ്സ് അസോസിയേഷൻ
1490400
Saturday, December 28, 2024 4:59 AM IST
അമ്പലപ്പുഴ: വർധിച്ചുവരുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ റോഡരികിൽ ട്രാഫിക് മിറർ സ്ഥാപിച്ച് റസിഡന്റ്സ് അസോസിയേഷൻ. ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പോസ്റ്റ് ഓഫീസ് റെയിൽവേ സ്റ്റേഷൻ റോഡരികിൽ മിറർ സ്ഥാപിച്ചത്.
ദേശീയപാതയിൽ അമ്പലപ്പുഴ ജംഗ്ഷനിൽ പാത വികസനം നടക്കുന്നതിനാൽ തകഴി, തിരുവല്ല ഭാഗങ്ങളിൽനിന്നുള്ള ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ദേശീയപാതയിലെത്താൻ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.
അതിനാൽ ഈ റൂട്ടിൽ തിരക്ക് വർധിച്ചതോടെ വാഹനാപകടങ്ങളും വർധിച്ചു. മറ്റ് ഇട റോഡുകളിൽനിന്ന് വാഹനങ്ങൾ അശ്രദ്ധമായി റോഡിലേക്ക് കയറുന്നത് പതിവായി അപകടങ്ങൾക്ക് കാരണമാകുകയാണ്.
ഇത് കണക്കിലെടുത്താണ് പുത്തൂർ, ചക്കുളത്ത് മുക്ക് എന്നീ ജംഗ്ഷനുകളിൽ ട്രാഫിക് മിററുകൾ സ്ഥാപിച്ചത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷനായി.