റേഷൻകട കുത്തിത്തുറന്ന് പണം അപഹരിച്ചു
1489036
Sunday, December 22, 2024 5:03 AM IST
ഹരിപ്പാട്: ആറാട്ടുപുഴയിൽ റേഷൻകട കുത്തിത്തുറന്ന് പണം അപഹരിച്ചു. കള്ളിക്കാട് പള്ളിക്കടവ് വില്ലേജ് ഓഫീസിനു മുന്നിൽ പ്രവർത്തിക്കുന്ന കർണികാരത്തിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള എആർഡി 103-ാം നമ്പർ റേഷൻ കടയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.
കിഴക്കുവശത്തെ ജനാലയുടെ തടിപ്പാളി ഇളക്കിയശേഷം അഴികൾ ഒടിച്ചു മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാണയമുൾപ്പെടെ 8000 രൂപ നഷ്ടമായതായി ഉടമ പറഞ്ഞു. കടയ്ക്കുള്ളിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും ഇത് കൊണ്ടുപോയില്ല. തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി.