ജി. സുധാകരന് പിന്തുണയർപ്പിച്ച് പാർട്ടിയംഗമായ പ്രസിഡന്റ് രംഗത്ത്
1488808
Saturday, December 21, 2024 5:00 AM IST
അന്പലപ്പുഴ: പാർട്ടി നേതൃത്വം അകറ്റിനിർത്തുമ്പോഴും ജി. സുധാകരന് പിന്തുണയർപ്പിച്ച് പാർട്ടിയംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷാണ് മുൻ മന്ത്രി ജി. സുധാകരന് പരസ്യപിന്തുണയുമായി ഫേസ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.
ഫേസ് ബുക്ക് പോസ്റ്റ്:
സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്ന് അഭിമാനത്തോടെ ഉച്ചത്തിൽ വിളിച്ചുപറയാവുന്ന പേരുകളിൽ ഒന്നാമത് സഖാവ് ജി. സുധാകരൻ തന്നെയാണ്. ആ പേരും പറഞ്ഞ് എത്ര ഉപദ്രവിച്ചാലും മൂലയ്ക്ക് ഇരുത്തിയാലും വെട്ടിക്കൂട്ടിയാലും അതുറക്കെ പറയാൻ പേടിയില്ല. സഖാവിനെക്കുറിച്ച് നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോൾ മുട്ടുവിറയ്ക്കുന്നവർ വായിക്കാൻ- ഇതാണ് ഷീബ രാകേഷ് ഫേസ് ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഷീബ രാകേഷിനെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയാക്കിയതും വിജയിച്ച ശേഷം ബ്ലോക്ക് പ്രസിഡന്റാക്കിയതും ജി. സുധാകരനായിരുന്നു. ഇതിനുശേഷം പിന്നീട് പലതവണയും സുധാകരവിരുദ്ധ ഏരിയാക്കമ്മിറ്റിയുമായി അഭിപ്രായ വ്യത്യാസം ഷീബ രാകേഷ് പ്രകടിപ്പിച്ചിരുന്നു.
ഏതാനും ആഴ്ച മുൻപ് നടന്ന ഏരിയാ സമ്മേളനത്തിൽ ജി.സുധാകരനെ പങ്കെടുപ്പിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഷീബാ രാകേഷ് സുധാകരവിരുദ്ധ പക്ഷത്തിന് പ്രത്യക്ഷ മറുപടി നൽകി രംഗത്തെത്തിയത്.