കര്‍ദിനാള്‍ മാര്‍ കൂവക്കാട്ടിന്റെ സ്വീകരണം ചങ്ങനാശേരിക്ക് സ്നേഹസംഗമമായി
1489033
Sunday, December 22, 2024 5:03 AM IST
ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃഅതിരൂപത നല്കിയ സ്വീകരണം സഭയ്ക്കു ലഭിച്ച അംഗീകാരമുദ്രയായി. മാര്‍ കൂവക്കാട്ട് കോളജ് വിദ്യാഭ്യാസം നടത്തിയ ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജിലെ മാര്‍ കാവുകാട്ട് ഹാളിലൊരുക്കിയ അനുമോദന സമ്മേളനം സ്നേഹസൗഹൃദ കൂട്ടായ്മയുടെ വിളംബരമായി.
കര്‍ദിനാള്‍ ഡോ. അന്തോണി പൂള, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ശ്രീനാരായണധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം സുഹൈബ് മൗലവി, മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഡോ. ശശി തരൂര്‍ എംപി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം അതിരൂപത സംഘടിപ്പിച്ച സമ്മേളനത്തിന്റെ മാറ്റുകൂട്ടി. വിവിധ സമുദായങ്ങള്‍ സൗഹാര്‍ദത്തില്‍ കഴിയുന്ന കേരളത്തിന്റെ മൈത്രിയുടെ പ്രതിഫലനംകൂടിയായിരുന്നു സമ്മേളനം.
അതിരൂപത വികാരിജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കേരി, മോണ്‍. ജോണ്‍ തെക്കേക്കര, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, പ്രെക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ചാന്‍സലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴി, കത്തീഡ്രല്‍ വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. തോമസ് കറുകക്കളം,
ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ജോര്‍ജ് മാന്തുരുത്തി, ഫാ. മനോജ് കറുകയില്‍, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ജസ്റ്റിന് കായംകുളത്തുശേരി, ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഡോ.രേഖ മാത്യൂസ്, അഡ്വ. ജോജി ചിറയില്‍, ഡോ. റൂബിള്‍രാജ്, വര്‍ഗീസ് ആന്റണി, ലാലി ഇളപ്പുങ്കല്‍, സൈബി അക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആശംസാഗാനമാലപിച്ച് ചെത്തിപ്പുഴ ഗായകസംഘം
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃഅതിരൂപത നല്കിയ സ്വീകരണ സമ്മേളനത്തില്സഭയുടെ രാജകുമാരാ എന്ന് തുടങ്ങുന്ന ഗാനമാലപിച്ചത് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ ഗായകസംഘം. കര്‍ദിനാളിന്റെ ബാല്യകാല സുഹൃത്തുക്കളായ ജോബി ചാവറ സംഗീതവും സബീഷ് നെടുംപറമ്പില്‍ രചനയും നിര്‍വഹിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മാര്‍ കൂവക്കാട്ട് മാമോദീസ സ്വീകരിച്ച ദേവാലയത്തിലെ വികാരിയും മാതൃസഹോദരനുമായ റവ. ഡോ. തോമസ് കല്ലുകുളത്തിന്റെ നേതൃത്വത്തില്‍ മുപ്പതംഗങ്ങളാണ് ആശംസാഗാനം അവതരിപ്പിച്ചത്.