ശുചീകരണത്തിൽ അലംഭാവം; കെഐപി കനാൽ കാടുകയറി
1488806
Saturday, December 21, 2024 5:00 AM IST
ചാരുംമൂട്: ശുചീകരണ പ്രവൃത്തികൾ സമയബന്ധിതമായി നടത്താത്തതിനെത്തുടർന്ന് മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ഇറിഗേഷന്റെ കെഐപി മെയിൻ കനാൽ കാടുകയറി. വാർഷിക ശുചീകരണ ജോലികൾ തുടങ്ങാൻ നാളിതുവരെയായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തിയായ ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം മുതൽ ചാരുംമൂട് ഭാഗം വരെയുള്ള കെഐപി പ്രധാന കനാലിനുള്ളിൽ വൻ പാഴ്മരങ്ങളും കാട്ടുവള്ളികളും വളർന്നു പന്തലിച്ച് ഇപ്പോൾ കാടായി തീർന്നിരിക്കുകയാണ്. കനാലിൽ രാത്രിയുടെ മറവിൽ അനധികൃത മാലിന്യനിക്ഷേപവും വർധിച്ചിരിക്കുകയാണ്. സാമൂഹ്യവിരുദ്ധർ കനാലിൽ തള്ളിയ ടൺ കണക്കിന് മാലിന്യങ്ങൾ ഇപ്പോൾ പ്രദേശവാസികളുടെ ആരോഗ്യത്തിന് ഹാനികരമായി തീർന്നിരിക്കുകയാണ്.
അറവുശാലകളിലും കോഴിക്കടകളിലും നിന്നുമുള്ള ഇറച്ചിമാലിന്യങ്ങളും കാടുമൂടിക്കിടക്കുന്ന കനാലിന്റെ പല ഭാഗത്തും നിക്ഷേപിച്ചട്ടുണ്ട്. പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം അടുത്തമാസം ആദ്യവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഐപി.
അതിന് മുമ്പായി പാലമേൽ, നുറനാട്, ചുനക്കര പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് വാർഷിക ശുചീകരണം നടത്തി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
വെള്ളം ഒഴുകിയെത്തും മുമ്പേ ശുചീകരണ പ്രവൃത്തികൾ നടന്നില്ലെങ്കിൽ കനാലിൽ തള്ളിയ മാലിന്യങ്ങൾ ജനവാസ മേഖലയിൽ കിടന്ന് ചീഞ്ഞുനാറും. ഇതു ഗുരുതര ആരോഗ്യപ്രശ്നത്തിനു കാരണമാകുകയും കൃഷിക്കാവശ്യമായ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും ചെയ്യുമെന്നും നാട്ടുകാർ പറയുന്നു.