കോണ്‍ഗ്രസ് അംഗത്തിനെതിരായ പരാതി: പള്ളിപ്പുറം പഞ്ചായത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ പോര്
1488801
Saturday, December 21, 2024 5:00 AM IST
ചേര്‍ത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ കോണ്‍ഗ്രസ് വനിതാ അംഗത്തിനെതിരായ പരാതിയെച്ചൊല്ലി ഭരണപക്ഷ-പ്രതിപക്ഷ പോര്. തൊഴിലുറപ്പു പദ്ധതിയിലെ ഫണ്ട് ഇടപാടുകളിലുയര്ന്ന പരാതിയില്‍ തൊഴിലുറപ്പ് ഓംബുഡ്സ്മാന് അംഗത്തിനെതിരേ പണം തിരിച്ചടയ്ക്കാന്‍ ശിപാര്‍ശ ചെയ്യുകയും അത് തിരിച്ചടയ്ക്കുകയും ചെയ്തതോടെ ഇവര്‍ക്കു പഞ്ചായത്തംഗമായി തുടരാന്‍ അര്‍ഹതയില്ലെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
16-ാം വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ നടന്ന തട്ടാംപറമ്പ്-പുലിപ്ര ഷാലിമാര്‍ റോഡ് നിര്‍മാണത്തിന്റെ പേരിലാണ് പരാതി ഉയര്‍ന്നത്. ഓംബുഡ്സ്മാന് നിര്‍ദേശിച്ച പണം അംഗം പലിശസഹിതം തിരിച്ചടച്ചിരുന്നു. ഈ വിഷയം അജണ്ടയാക്കി ശനിയാഴ്ച പഞ്ചായത്ത് കമ്മിറ്റിയോഗം കൂടുന്നുണ്ട്.
കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അംഗത്തിനെതിരേ നടപടിക്കായി ശിപാര്ശയുണ്ടാകുമെന്നാണ് സൂചന. തൊഴിലുറപ്പിന്റെ പേരില്‍ നടന്നത് വ്യക്തമായ അഴിമതിയാണെന്ന് എല്‍ഡിഎഫ് പഞ്ചായത്തു കമ്മിറ്റിയുടെ ആരോപണം.
ഓംബുഡ്സ്മാനടക്കം കുറ്റക്കാരിയെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അംഗം രാജിവയ്ക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് കമ്മിറ്റി ഇവരെ പുറത്താക്കണമെന്നുമാണ് എല്‍ഡിഎഫിന്റെ നിലപാട്. അതേസമയം, നടപടിയുണ്ടായാല്‍ നിയമ നടപടി സ്വീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
നിയമപരമായ നടപടികളെല്ലാം പൂര്‍ത്തിയാക്കി നാളുകള്‍ പിന്നിട്ട ഘട്ടത്തില്‍ വിഷയം ഉയര്‍ത്തുന്നതു രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. നിലവില്‍ 17 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഒമ്പത്, യുഡിഎഫ് ആറ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.